തിരുവനന്തപുരം: ഭർത്താവിന്റെ ബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ക്രൂരമായി പീഡിപ്പിച്ച പൂജാരിക്ക് ഏഴ് വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ആലപ്പുഴ ഏഴുപുന്ന പുതുകുളങ്ങര വൈകുണ്ഠം വീട്ടിൽ രാജേഷിനെയാണ് പട്ടികജാതി-പട്ടികവർഗ പീഡന നിരോധന പ്രത്യേക കോടതി ജഡ്ജി എ. ഷാജഹാൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.
2016 ഏപ്രിലിലാണ് ഈ കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഭർത്താവിനെ ബാധിച്ച ദുഷ്ടശക്തികളെ ഒഴിപ്പിക്കാൻ പ്രത്യേക പൂജകൾ ആവശ്യമാണെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയെ ക്ഷേത്രത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ക്ഷേത്രത്തിലെ സ്റ്റോർ റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.




