Oddly News

മിക്കി മൗസിനോടുള്ള തീവ്രപ്രണയം; 83 ടാറ്റൂകളുമായി ഗിന്നസ് റെക്കോർഡ് കുറിച്ച ആൻഡ്രിയയുടെ കഥ

വാഷിങ്ടൺ: ഒരേ കാർട്ടൂൺ കഥാപാത്രത്തിന്റെ ഏറ്റവും കൂടുതൽ ടാറ്റൂകൾ ശരീരത്തിൽ പതിപ്പിച്ചതിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് അമേരിക്കൻ സ്വദേശിനി സ്വന്തമാക്കി. നോർത്ത് കരോലിനയിലെ ഫയെറ്റ്‌വില്ലെയിലുള്ള ആൻഡ്രിയ ഷ്മിഡ് ടിമ്മൻസ് ആണ് 83 മിക്കി മൗസ് ടാറ്റൂകളിലൂടെ ഈ അപൂർവ നേട്ടം കൈവരിച്ചത്. ഡിസ്നി കഥാപാത്രമായ മിക്കി മൗസിനോടുള്ള തീവ്രമായ ഇഷ്ടമാണ് ആൻഡ്രിയയെ ലോകറെക്കോർഡിലേക്ക് നയിച്ചത്.

1967-ൽ ജർമനിയിലെ ഉൽമിലാണ് ആൻഡ്രിയ ജനിച്ചത്. ആറാം വയസ്സിൽ, 1973-ൽ അമ്മയോടൊപ്പം അമേരിക്കയിലേക്ക് താമസം മാറിയതോടെയാണ് ടിവിയിലൂടെ മിക്കി മൗസിനെ കണ്ടുതുടങ്ങിയത്. മിക്കിയുടെ സന്തോഷകരമായ സ്വഭാവവും കരുണയും ആൻഡ്രിയയെ ഏറെ ആകർഷിച്ചു. സിനിമകളിലും ടിവി പരിപാടികളിലും ഡിസ്നിലാൻഡിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന മിക്കി മൗസ് അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറി.

കാലക്രമേണ ആൻഡ്രിയയുടെ വീട് മിക്കി മൗസ് പാവകളും പോസ്റ്ററുകളും മറ്റ് ശേഖരങ്ങളും കൊണ്ട് നിറഞ്ഞു. വീടിനുള്ളിലെ ഈ ശേഖരത്തിന് പുറമെ സ്വന്തം ശരീരത്തിലും മിക്കി മൗസിന്റെ ചിത്രങ്ങൾ പച്ചകുത്താൻ അവർ തീരുമാനിക്കുകയായിരുന്നു. പുറംഭാഗത്തും ഇടതുകൈയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലുമായി 83 മിക്കി മൗസ് ടാറ്റൂകളാണ് നിലവിലുള്ളത്.

ഇനിയും കൂടുതൽ ടാറ്റൂകൾ ശരീരത്തിൽ പതിപ്പിക്കാനാണ് ആൻഡ്രിയയുടെ തീരുമാനം. ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ട സമയങ്ങളിലെല്ലാം മിക്കി മൗസ് തനിക്ക് വലിയ സന്തോഷവും പോസിറ്റീവ് ഊർജ്ജവും നൽകിയിട്ടുണ്ടെന്ന് ആൻഡ്രിയ പറയുന്നു. എത്ര വലിയ വിഷമഘട്ടങ്ങളിലും മിക്കി മൗസിനെ കാണുന്നത് തന്റെ മുഖത്ത് പുഞ്ചിരി വിടർത്താറുണ്ടെന്നും അവർ വ്യക്തമാക്കി.