പാകിസ്ഥാനിലെ ലാഹോറിലുള്ള ഒരു ഫാം ഹൗസിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ പെൺകടുവയുടെ ആക്രമണത്തിൽ 19-കാരനായ ഫാം തൊഴിലാളി കൊല്ലപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഫാം ഹൗസ് ഉടമയെയും ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെയും പോലീസ് അറസ്റ്റ് ചെയ്തു.
തൽഹ എന്ന യുവാവാണ് മരിച്ചത്. വീഡിയോ ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തൽഹയെ ടിക് ടോക് താരമായ നോമാൻ ഹസ്സൻ കാറിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് അറിയിച്ചു.
വന്യജീവി പ്രജനന കേന്ദ്രമായ ഫാം ഹൗസിലെ കൂട്ടിൽ നിന്നും നോമാൻ ഹസ്സൻ വീഡിയോ എടുക്കുന്നതിനായി കടുവയെ പുറത്തിറക്കുകയും, വീഡിയോയിൽ പങ്കെടുക്കാൻ തൽഹയോട് ആവശ്യപ്പെടുകയുമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചിത്രീകരണത്തിനിടെ കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. തൽഹയുടെ പിതാവും സഹോദരനും ഇതേ ഫാം ഹൗസിലാണ് ജോലി ചെയ്തിരുന്നത്. നായയുടെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് വരുത്തിത്തീർക്കാൻ തുടക്കത്തിൽ ശ്രമം നടന്നിരുന്നതായി പോലീസ് പറഞ്ഞു. എന്നാൽ, സാഹചര്യങ്ങൾ പരിശോധിച്ചതിൽ നിന്നും കടുവയുടെ ആക്രമണത്തിലാണ് പരിക്കേറ്റതെന്ന് വ്യക്തമാവുകയായിരുന്നു.
തൽഹയുടെ പിതാവിന്റെ പരാതിയിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കടുവയെ വന്യജീവി വകുപ്പിന് കൈമാറി. കടുവയെ വളർത്തുന്നതിന് ഫാം ഹൗസിന് ആവശ്യമായ ലൈസൻസുകൾ ഉണ്ടായിരുന്നോ എന്നും, മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നോ എന്നും അധികൃതർ അന്വേഷിച്ചുവരികയാണ്.




