വൈദ്യശാസ്ത്ര ചികിത്സയ്ക്കായി അടുത്തിടെ ഇന്ത്യയിലെത്തിയ ഒരു അമേരിക്കൻ വ്ലോഗർ തന്റെ അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന മെഡിക്കൽ ടൂറിസം മേഖലയുടെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ വീഡിയോ. ചികിത്സാ ഘട്ടങ്ങൾ മുതൽ വിവിധ വൈദ്യശാസ്ത്ര സൗകര്യങ്ങൾ വരെ അദ്ദേഹം വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്.
“അമേരിക്കയിലേക്ക് തിരികെ പോകുന്നതിന് മുമ്പ് എനിക്കൊരു മെഡിക്കൽ ചെക്കപ്പ് നടത്തണമായിരുന്നു,” ഒരു കാറിൽ യാത്ര തിരിക്കുന്നതിനിടയിൽ വ്ലോഗർ പറഞ്ഞു. “എനിക്ക് ഇന്ത്യയെ വളരെ ഇഷ്ടമാണ്. അമേരിക്കയിൽ നിന്നും ഒരിക്കലും ഇത്തരമൊരു പരിചരണം ലഭിക്കില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ദിനം അദ്ദേഹം വാർഷിക ആരോഗ്യ പരിശോധനയ്ക്കാണ് പോയത്. ന്യൂട്രീഷൻ ജനറ്റിക്സ്, ജനറ്റിക്സ് ടെസ്റ്റിംഗ് തുടങ്ങിയ പരിശോധനകൾ അതിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് ഡെന്റൽ ചെക്കപ്പ് നടത്തി. രണ്ടാം ദിവസം അദ്ദേഹം ഒരു അൾട്രാസൗണ്ട് പരിശോധനയ്ക്ക് വിധേയനായി.
മൂന്നാം ദിവസം, കാറിൽ നേരെ ‘ക്രയോതെറാപ്പി’ (Cryotherapy) ചെയ്യാനാണ് അദ്ദേഹം പോയത്. “ഇന്ത്യയിൽ ലോകോത്തര നിലവാരമുള്ള ആരോഗ്യപരിപാലന മേഖലയില്ലെന്ന് കരുതുന്നുവെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി,” വ്ലോഗർ വ്യക്തമാക്കി.
ഇന്ത്യ വിടുന്നതിന് മുമ്പ് എന്തിനാണ് സമ്പൂർണ്ണ ആരോഗ്യ പരിശോധന നടത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു: “യു.എസ്സിലെ ചെലവുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ നിരക്കുകൾ പത്തിരട്ടി കുറവാണ്. മാത്രമല്ല ഇത് അമേരിക്കയേക്കാൾ വളരെ മികച്ചതുമാണ്.” “എനിക്ക് ലഭിച്ചതിൽ വെച്ച് ഏറ്റവും മികച്ച വൈദ്യസഹായം” എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ഇന്ത്യയിൽ ഈ പരിശോധനകൾക്കെല്ലാം കൂടി 4,000 ഡോളർ (ഏകദേശം 3.81 ലക്ഷം രൂപ) മാത്രമാണ് ചെലവായതെന്നും എന്നാൽ അമേരിക്കയിലാണെങ്കിൽ ഇതിന് 40,000 ഡോളറോളം (ഏകദേശം 38.1 ലക്ഷം രൂപ) ചെലവ് വരുമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാക്കിയത്. “എന്നിട്ടും ഇന്ത്യക്കാർ ഇവിടുത്തെ മെഡിക്കൽ സംവിധാനത്തെയും ഡോക്ടർമാരെയും വിമർശിക്കും,” എന്ന് ഒരാൾ കുറിച്ചു.
“ഇന്ത്യയിലെ ആരോഗ്യപരിപാലനം മികച്ചതാണ്. എനിക്ക് അത് വളരെ ഇഷ്ടപ്പെട്ടു,” എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
“ഇന്ത്യയിൽ പണക്കാർക്ക് മാത്രമാണ് ഇത്തരം പ്രീമിയം സൗകര്യങ്ങൾ ഉള്ളത്, പാവപ്പെട്ടവർക്ക് ഒന്നുമില്ല എന്നതാണ് പ്രധാന പ്രശ്നം,” എന്ന് വേറൊരാൾ ചൂണ്ടിക്കാണിച്ചു.
“സാധാരണക്കാരായ പൗരന്മാർക്ക് ഈ തുക പോലും താങ്ങാനാവുന്നതിലും അധികമാണ്,” എന്ന് മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു.
“ഞാനും ഈ ഹെൽത്ത് ചെക്കപ്പ് ചെയ്തിട്ടുണ്ട്! കൂടുതൽ ആളുകൾക്ക് ഈ സൗകര്യം ലഭിക്കുന്നില്ല എന്നത് വിശ്വസിക്കാൻ കഴിയുന്നില്ല,” എന്ന് മറ്റൊരാളും പങ്കുവെച്ചു.




