Featured Sports

ആരാണപ്പാ.. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഈ ടി.ടി.വി.നമ്പൂരിയും എസ്.വിശ്വനാഥും, ഡബ്ല്യു.എസ്.മണിയും വൈറലായി സ്കോർകാർഡ്

നഗോയ: ഡബ്ല്യു.എസ്.മണി സുന്ദർ, എസ്.വിശ്വനാഥ്, ടി.ടി.വി.നമ്പൂരി. ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങളായ ഇവരെ ആദ്യവായനയിൽ മനസ്സിലാക്കാൻ കുറച്ചു പാടാണ്. എന്നാൽ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് സെമിഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യ കളിച്ചപ്പോൾ ഔദ്യോഗിക സ്കോർകാർഡിൽ തെളിഞ്ഞ പേരുകളാണിത്. യഥാക്രമം വാഷിങ്ടൻ സുന്ദർ, സഞ്ജു സാംസൺ, തിലക് വർമ എന്നിവരാണ് ഈ വിചിത്രമായ പേരുകൾക്ക് പിന്നിലുള്ള താരങ്ങൾ.

സാധാരണയായി ആരാധകർ വിളിക്കുന്ന പേരുകൾക്ക് പകരം, താരങ്ങളുടെ പാസ്‌പോർട്ടിലുള്ള പൂർണനാമങ്ങളാണ് ഏഷ്യൻ ഗെയിംസ് ഗ്രാഫിക്സിലും സ്കോർബോർഡിലും ഉപയോഗിച്ചത്. ഇതോടെ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ ആശയക്കുഴപ്പവും ചിരിയും ഉടലെടുക്കുകയും ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു.

തിലക് വർമയുടെ പേരാണ് ഇതിൽ ഏറ്റവും കൂടുതൽ കൗതുകമുണർത്തിയത്. താരത്തിന്റെ പൂർണനാമമായ ‘ഠാക്കൂർ തിലക് വർമ നമ്പൂരി’ എന്നത് ചുരുക്കിയാണ് ‘ടി.ടി.വി.നമ്പൂരി’ എന്ന് രേഖപ്പെടുത്തിയത്. ഇത് കണ്ട ചില മലയാളി ആരാധകർ ‘നമ്പൂതിരി’ എന്ന് തെറ്റിവായിച്ച്, ഇന്ത്യൻ ടീമിൽ വേറൊരു മലയാളി കൂടി എത്തിയോ എന്ന് തമാശയായി ചോദിക്കുകയും ചെയ്തു.

മലയാളി താരമായ സഞ്ജു സാംസന്റെ പൂർണനാമമായ ‘സഞ്ജു വിശ്വനാഥ് സാംസൺ’ ചുരുക്കിയാണ് ‘എസ്.വിശ്വനാഥ്’ എന്ന് നൽകിയത്. വാഷിങ്ടൻ സുന്ദറിന്റെ പിതാവിന്റെ പേരു കൂടി ഉൾപ്പെടുത്തിയുള്ള പൂർണനാമം ഉപയോഗിച്ച് ‘ഡബ്ല്യു.എസ്.മണി സുന്ദർ’ എന്നും സ്കോർകാർഡിൽ കുറിച്ചു.

ടീമിലെ യുവതാരം വൈഭവ് സൂര്യവംശിയെ ‘വി. സൂര്യവംശി’, ജസ്പ്രീത് ബുമ്രയെ ‘ജെ. ജെ. ബുമ്ര’, ശിവം ദുബെയെ ‘എസ്.ആർ.ദുബെ’, ശ്രേയസ്സ് അയ്യരെ ‘എസ്.എസ്.അയ്യർ’ എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്. ഏഷ്യൻ ഗെയിംസ്, ഒളിംപിക്‌സ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ വലിയ കായികമേളകളിൽ താരങ്ങളുടെ പാസ്‌പോർട്ടിലെ ഔദ്യോഗിക നാമങ്ങൾ പ്രദർശിപ്പിക്കുന്നതാണ് ഇതിന് കാരണം.