പേരാമ്പ്ര: അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രങ്ങൾ ഇത്തരത്തിൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
സ്വന്തം സ്കൂളിലെ അധ്യാപികമാരുടെ മോശമാക്കിയ ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റു വിദ്യാർഥികളാണ് വിവരം സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സ്കൂൾ അധികൃതർ നടത്തിയ പരിശോധനയിൽ ജൂൺ മാസത്തിലാണ് ഈ ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്കൂൾ മാനേജ്മെന്റും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി നൽകി.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിദ്യാർഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണവിധേയരായ വിദ്യാർഥികളെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തത്.




