ഒന്നിനുപുറകെ ഒന്നായി മൂന്ന് യുവതികളുടെ മരണവാർത്തകൾ പുറത്തുവന്നതോടെ വലിയ നടുക്കത്തിലാണ് ഹൈദരാബാദ് നഗരം. രണ്ടാഴ്ചയ്ക്കുള്ളിൽ വ്യത്യസ്ത ഹോട്ടൽ മുറികളിൽ വച്ച് നടന്ന ഈ മൂന്ന് കൊലപാതകങ്ങളും സമാനമായ സാഹചര്യങ്ങളിലാണ് അരങ്ങേറിയതെന്നതാണ് ഏറെ ശ്രദ്ധേയം. മിയാപൂർ, എസ്.ആർ. നഗർ, മാധാപൂർ എന്നിവിടങ്ങളിലാണ് ഈ ദാരുണ സംഭവങ്ങൾ നടന്നത്.
സെപ്റ്റംബർ 30-ന് സുഹൃത്ത് രവിക്കൊപ്പം ഹോട്ടലിൽ മുറിയെടുത്ത ഇരുപത്തേഴുകാരിയായ മെഡിക്കൽ വിദ്യാർഥിനി ശ്രീജനയുടെ അഴുകിയ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് ഈ സംഭവ പരമ്പരകൾ പുറത്തറിയുന്നത്. പിറ്റേന്ന് രാവിലെ മുറിവിട്ടുപോയ രവി നിലവിൽ ഒളിവിലാണ്. കാണാനില്ലെന്ന് കാട്ടി കുടുംബം നൽകിയ പരാതിയിൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. രവിക്ക് നൽകിയ സ്വർണമാല തിരികെ വാങ്ങാനാണ് ശ്രീജന എത്തിയതെന്നാണ് വിവരം. കൊലപാതകമാണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ശരീരത്തിൽ പരുക്കുകളില്ലാത്തതിനാൽ ആന്തരികാവയവ പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
മുപ്പത്തിനാലുകാരിയായ സിരിഷയെ എസ്.ആർ. നഗറിലെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് ശ്രീനിവാസിനൊപ്പം വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഒരാഴ്ചയോളം ഇവർ ഇവിടെ തങ്ങിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുറിവിട്ട ശ്രീനിവാസ്, സിരിഷ പ്രഭാതഭക്ഷണത്തിന് ശേഷം മടങ്ങുമെന്ന് ജീവനക്കാരോട് പറഞ്ഞിരുന്നെങ്കിലും ഏറെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. ശ്രീനിവാസനായി തിരച്ചിൽ തുടരുകയാണ്.
മാധാപൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുപത്തൊൻപതുകാരിയായ ഷാരോൺ നിഖിത തൊപ്നോയാണ് ഇതിലെ അവസാന ഇര. പുലർച്ചെ രണ്ടു മണിയോടെ ഷാരോൺ ബോധരഹിതയായെന്ന് പറഞ്ഞ് ആൺസുഹൃത്ത് ശ്രീനിവാസ രവി തേജ ഹോട്ടൽ ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനിടെ ഇയാൾ മുങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഷാരോൺ മരിച്ചിരുന്നു. രവി തേജയ്ക്കായുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്.
ഈ മൂന്ന് കൊലപാതകങ്ങളിലെയും അസാധാരണമായ സമാനതകളാണ് പൊലീസിനെ കുഴക്കുന്നത്. പിടിയിലാകുമെന്ന് ഉറപ്പായിട്ടും പ്രതികളായ ആൺസുഹൃത്തുക്കൾ എന്തിന് ഇത് ചെയ്തു, കൊല്ലപ്പെട്ടവരുടെ സമാനമായ പ്രായം, ശരീരത്തിൽ ബാഹ്യമായ പരുക്കുകൾ കുറവായത് എന്നിവയെല്ലാം ദുരൂഹത വർധിപ്പിക്കുന്നു. മൂന്ന് പ്രതികളും പിടിയിലാകുന്നതോടെ മാത്രമേ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കൂ.
സംഭവത്തിനുശേഷം പൊലീസും കടുത്ത ജാഗ്രതയിലാണ്. കുറഞ്ഞ വാടകയ്ക്ക് മുറികൾ നൽകുന്ന ചെറുകിട ഹോട്ടലുകള് നിരീക്ഷണത്തിലാണ്. ദമ്പതികളോ സുഹൃത്തുക്കളോ മുറിയെടുത്ത ശേഷം ഒരാൾ മാത്രം പുറത്തുപോവുകയും തിരികെ വരാതിരിക്കുകയും ചെയ്താൽ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പൊലീസ് ഹോട്ടലുകൾക്കും ലോഡ്ജുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മുറികൾ ബുക്ക് ചെയ്യുന്നതിലാണ് പൊലീസ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകളുടെ കൃത്യത ഉറപ്പുവരുത്തിയില്ലെങ്കിൽ കർശന നിയമനടപടി നേരിടേണ്ടിവരുമെന്ന് പൊലീസ് ഹോട്ടലുകൾക്ക് മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ രേഖകൾ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് തെലങ്കാന ഹോട്ടൽസ് അസോസിയേഷനും ഹോട്ടലുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.




