Featured Sports

അല്ല, ഇപ്പോളെന്താ സംഭവിച്ചെ? ടോസിനിടെ ശ്രേയസിന്റെ ‘പോക്കറ്റ് മാജിക്’; കൺഫ്യൂഷനായി ഷായ് ഹോപ്, വീഡിയോ വൈറൽ!

ഹൈദരാബാദ്: ഇന്ത്യ– വെസ്റ്റ് ഇൻഡീസ് നാലാം ട്വന്റി20 മത്സരത്തിലെ ടോസിനിടെ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിനെ തമാശയ്ക്ക് ആശയക്കുഴപ്പത്തിലാക്കി ശ്രേയസ് അയ്യർ. രവി ശാസ്ത്രിയുടെ സ്വാഗത പ്രസംഗത്തിന് ശേഷമാണ് ഗ്രൗണ്ടിൽ ഇന്ത്യൻ നായകന്റെ ഈ കൗതുകകരമായ നീക്കമുണ്ടായത്. അതിവേഗത്തിൽ ടോസ് കോയിൻ മുകളിലേക്ക് എറിയുന്നതായി ശ്രേയസ് വെറുതെ അഭിനയിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് വിൻഡീസ് ക്യാപ്റ്റൻ നോക്കുന്നതിനിടെ, തന്റെ പാന്റിന്റെ പോക്കറ്റിൽനിന്ന് യഥാർത്ഥ നാണയമെടുത്ത് ശ്രേയസ് മുകളിലേക്ക് ഇടുകയും ചെയ്തു. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് ടോസ് ലഭിച്ചതോടെ സംശയം തോന്നിയ വെസ്റ്റ് ഇൻഡീസ് നായകൻ ഗ്രൗണ്ടിൽ വീണ നാണയം എടുത്തു പരിശോധിക്കുന്നതും കാണാമായിരുന്നു. ഷായ് ഹോപിന്റെ കൺഫ്യൂഷൻ കണ്ട് ശ്രേയസ് അയ്യർ ചിരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. നിർണായക മത്സരത്തിൽ വിൻഡീസ് ക്യാപ്റ്റന്റെ ഏകാഗ്രത തെറ്റിക്കാൻ ഇന്ത്യൻ നായകൻ മനഃപൂർവം പുറത്തെടുത്ത തന്ത്രമാണിതെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

മത്സരത്തില്‍ ഇന്ത്യക്കെതിരേ വെസ്‌റ്റിന്‍ഡീസിന്‌ 24 റണ്‍സ്‌ വിജയം നേടി. സ്‌കോര്‍: വെസ്‌റ്റിന്‍ഡീസ്‌ 247/3, ഇന്ത്യ 223/19.3. അഞ്ച്‌ മത്സരങ്ങളുടെ പരമ്പര 2-2 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമെത്തി. ഇതോടെ ബംഗളുരുവില്‍ 17ന്‌ നടക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും മത്സരം പരമ്പര വിജയികളെ നിര്‍ണയിക്കും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. 50 പന്തിൽ ഒൻപത് സിക്സറുകളും നാല് ഫോറുമടക്കം 102 റൺസുമായി പുറത്താകാതെ നിന്ന ഷായ് ഹോപാണ് അവരുടെ ബാറ്റിങ്ങിന് കരുത്തേകിയത്. 26 പന്തിൽ 49 റൺസെടുത്ത ഷെർഫെയ്ൻ റുഥർഫോർഡും തിളങ്ങി. ഇന്ത്യയ്ക്കായി നാലോവർ വീതം പന്തെറിഞ്ഞ പേസർമാരായ മയങ്ക് യാദവും അർഷ്ദീപ് സിങ്ങും 52 റൺസ് വീതമാണ് വഴങ്ങിയത്.

ഇന്ത്യക്കുവേണ്ടി സഞ്‌ജു സാംസണ്‍ (23 പന്തില്‍ 56 റണ്‍സ്‌), തിലക്‌ വര്‍മ (25 പന്തില്‍ 43റണ്‍സ്‌), നിതീഷ്‌ കുമാര്‍ റെഡ്‌ഡി (20 പന്തില്‍ 41 റണ്‍സ്‌) എന്നിവര്‍ പൊരുതിയെങ്കിലും അവസാന ഓവറില്‍ 223 റണ്‍സിന് എല്ലാവരും പുറത്തായി.