Crime

ലഹരി കഴിച്ചാൽ പിന്നെ ശരണ്യ ‘വയലന്റ്’; യുവതികളെ സ്പാ ജോലിക്ക് ‘ഗ്രൂമിങ്’ നടത്തും, എല്ലാത്തിലും ശ്രീരാജിന്റെ ‘പങ്കാളി’

കൊച്ചി കളമശേരി സ്പായുമായി ബന്ധപ്പെട്ട കൂട്ടബലാത്സംഗ കേസിൽ അറസ്റ്റിലായ ആലപ്പുഴ സ്വദേശി ശരണ്യ, കേസിന്റെ പ്രധാന ആസൂത്രകനായ ഒന്നാം പ്രതി ശ്രീരാജിന്റെ സംഘത്തിലെ മുഖ്യകണ്ണിയാണെന്ന് പൊലീസ് വ്യക്തമാക്കി. സ്പാകളിലേക്ക് സ്ത്രീകളെ കണ്ടെത്തി എത്തിക്കുന്നതും റിക്രൂട്ട് ചെയ്യുന്നവർക്ക് ഫോൺ വഴി ‘ഗ്രൂമിങ്’ പരിശീലനം നൽകുന്നതും ശരണ്യയായിരുന്നു.

ലഹരി ഉപയോഗിച്ചാൽ അതിക്രമമായി പെരുമാറുന്ന ശരണ്യയാണ് തന്നെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചതെന്ന് ഇരയായ യുവതി മൊഴി നൽകിയിട്ടുണ്ട്. സ്പാകളിലെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഉടമകളിൽ നിന്ന് പണം തട്ടിയിരുന്ന ശ്രീരാജ്, മുൻപും ലഹരി കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. തുടക്കത്തിൽ സ്പായിൽ ജോലിക്കെത്തി ഇരയാക്കപ്പെട്ട ശരണ്യ, പിന്നീട് ശ്രീരാജുമായുള്ള അടുപ്പത്തിലൂടെ കുറ്റകൃത്യങ്ങളുടെ പങ്കാളിയാവുകയായിരുന്നു.

കേസിലെ രണ്ടാം പ്രതിയായ ശരണ്യയും നാലാം പ്രതി സഞ്ജയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഇതിൽ ഒന്നാം പ്രതി ശ്രീരാജിനെയും മൂന്നാം പ്രതി ജിത്ത് മാർട്ടിനെയും നേരത്തെ അറസ്റ്റ് ചെയ്ത് തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു. അതിക്രമത്തിന് ഇരയായ യുവതി മുറിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞത് സഞ്ജയ് ആണെന്ന് വ്യക്തമായിട്ടുണ്ട്. യുവതിയെ ഒരു രാത്രി മുഴുവൻ ലഹരി നൽകി ക്രൂരമായി പീഡിപ്പിച്ച ലോഡ്ജിലെ മുകളിലത്തെ മുറിയിലും, അഭിമുഖത്തിനായി ആദ്യം വിളിച്ച ‘ഡിലൈറ്റ് സ്പാ’യിലും പ്രതികളെ എത്തിച്ച് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. കുറ്റകൃത്യങ്ങളുടെ പ്രധാന കേന്ദ്രമായ ഈ ലോഡ്ജ് മുൻപും സമാന സംഭവങ്ങളിൽ പൊലീസ് പരിശോധനയ്ക്ക് വിധേയമായിട്ടുള്ളതാണ്.

സംഭവം നടന്ന ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങൾ പ്രതികൾ നീക്കം ചെയ്തിരുന്നെങ്കിലും അത് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇവിടെ എത്തിയിരുന്ന മറ്റുള്ളവരെ തിരിച്ചറിയാൻ ഇത് സഹായിക്കും. അതിക്രമത്തിന് ശേഷം മുറിയിലേക്ക് മറ്റ് രണ്ടുപേർ കൂടി എത്തിയിരുന്നുവെന്ന് യുവതി മൊഴി നൽകിയിട്ടുണ്ടെങ്കിലും, യുവതി രക്ഷപ്പെട്ട ശേഷമാണ് ഇവർ വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.