കിളിരൂർ, കവിയൂർ പീഡനക്കേസുകളിലെ പ്രതിയായ ലത നായർ തട്ടിപ്പുകേസിൽ തൃക്കാക്കര പൊലീസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശിയിൽനിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കാക്കനാട് സെസിലെ കമ്പനിയിൽ നിക്ഷേപിച്ചാൽ തുക നാലിരട്ടിയായി തിരികെ നൽകാമെന്ന് വാഗ്ദാനം ചെയ്താണ് രണ്ട് വർഷം മുൻപ് ഇവർ പണം വാങ്ങിയത്. നഷ്ടത്തിലായ കമ്പനിയിൽ തുക നിക്ഷേപിച്ചാൽ ഡയറക്ടർ ബോർഡിൽ അംഗമാക്കാമെന്നും വിശ്വസിപ്പിച്ചിരുന്നു.
എന്നാൽ തന്നോട് ഇടപാട് നടത്തിയത് പ്രശസ്തമായ പീഡനക്കേസുകളിലെ പ്രതി ലത നായർ ആണെന്ന് പരാതിക്കാരനായ യുവാവിന് അറിയില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്ദ്രാമേനോൻ എന്ന വ്യാജപേരിൽ കമ്പനിയുടെ ഡയറക്ടറാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ സൗഹൃദം സ്ഥാപിച്ചത്. ലതയ്ക്കൊപ്പം കൂട്ടാളികളായ അനിൽകുമാർ, സുനിൽകുമാർ, സിന്ധു എന്നിവരും അറസ്റ്റിലായിട്ടുണ്ട്. കേസിൽ ഇനി ഒരാളെക്കൂടി പിടികൂടാനുണ്ട്. ഇത്തരത്തിൽ നിരവധി പേരെ ലത കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.
കേരളത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ച സംഭവങ്ങളായിരുന്നു ലതാ നായർ ഉൾപ്പെട്ട കിളിരൂരും കവിയൂരും കേസുകൾ. കോട്ടയം കിളിരൂർ സ്വദേശിനിയായ ശാരി എസ്. നായർക്ക് സിനിമകളിലും സീരിയലുകളിലും അവസരം വാഗ്ദാനം ചെയ്ത് വിവിധയിടങ്ങളിൽ എത്തിച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയതാണ് കിളിരൂർ കേസ്. ഇതിന്റെ പ്രധാന സൂത്രധാരയും ഇടനിലക്കാരിയുമായിരുന്ന ലതാ നായർ, ശാരിയെ പലർക്കും ചൂഷണം ചെയ്യാൻ അവസരമൊരുക്കുകയായിരുന്നു.
പീഡനങ്ങൾക്കൊടുവിൽ ഗർഭിണിയായ ശാരി 2004 ഓഗസ്റ്റിൽ പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും, ചികിത്സയിലിരിക്കെ അജ്ഞാത രോഗബാധയും വിഷാംശവും ഉള്ളിൽച്ചെന്ന് നവംബറിൽ മരണപ്പെട്ടു. ശാരിയുടെ മരണം കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി. കേസിൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിനും പീഡനത്തിന് വഴിയൊരുക്കിയതിനും വിചാരണക്കോടതി ലതാ നായരെ ശിക്ഷിച്ചിരുന്നു.
2004 ഓഗസ്റ്റ് 28-ന് തിരുവല്ല കവിയൂർ ക്ഷേത്ര ശാന്തിക്കാരനായ അനന്തകൃഷ്ണൻ, ഭാര്യ മിനി, മക്കളായ അനന്യ, അർജുൻ, അഖിൽ എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും വൻ വിവാദമായിരുന്നു. അനന്യ മരണപ്പെടുന്നതിന് മുൻപ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ലതയും സംഘവും പെൺകുട്ടിയെ പീഡകർക്ക് വഴങ്ങാൻ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ മാനസികവിഷമമാണ് കുടുംബത്തിന്റെ കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രമുഖർ ഉൾപ്പെട്ട ഈ കേസ് സിബിഐ ആണ് അന്വേഷിച്ചത്. ജയിൽശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷവും ലതാ നായർ വ്യാജപേരുകളിൽ തട്ടിപ്പുകൾ തുടർന്നുപോരുകയായിരുന്നുവെന്നാണ് പുതിയ അറസ്റ്റോടെ വ്യക്തമാകുന്നത്.




