കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിനും കഞ്ചാവ് സൂക്ഷിച്ചതിനും യുവ ഡോക്ടർ പൊലീസിന്റെ പിടിയിലായി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം അജാസ് മൻസിലിൽ അജാസ് ഖാനെയാണ് (29) കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അജാസും സുഹൃത്തായ വനിതാ ഡോക്ടറും കൊല്ലത്തെ പ്രമുഖ ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. അവിടെ വെച്ച് ഇരുവരും തമ്മിൽ കടുപ്പമേറിയ തർക്കവും കൈയാങ്കളിയും നടന്നു. മുറിയിൽ നിന്ന് യുവതിയുടെ ഭയന്നുള്ള നിലവിളി കേട്ട ജീവനക്കാർ ഉടൻ തന്നെ കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
വാതിൽ തുറന്ന് അജാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച കൺട്രോൾ റൂം പൊലീസിനോട് ഇയാൾ മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് ഇയാളെ സാഹസികമായി കീഴടക്കിയത്. പിന്നീട് ഇവർ താമസിച്ച മുറിയിൽ നടത്തിയ വിശദമായ തെരച്ചിലിൽ ആറ് ഗ്രാം കഞ്ചാവും അത് ഉപയോഗിക്കാനുള്ള പേപ്പറും പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ ഇരുവരുടെയും പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അജാസിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൂടാതെ തന്നെ മർദ്ദിച്ചെന്ന വനിതാ ഡോക്ടറുടെ പരാതിയിൽ അജാസിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.



