ദശലക്ഷക്കണക്കിന് സ്ത്രീകൾക്ക്, സൂര്യൻ അസ്തമിക്കുന്നതോടെ പ്രവൃത്തിദിനം അവസാനിക്കുന്നില്ല. നഴ്സുമാർ, ഡോക്ടർമാർ, എയർലൈൻ ജീവനക്കാർ, ഫാക്ടറി തൊഴിലാളികൾ, സെക്യൂരിറ്റി ജീവനക്കാർ, ഐടി പ്രൊഫഷണലുകൾ എന്നിവർ രാത്രി മുഴുവൻ ജോലി ചെയ്യുന്നവരാണ്. എന്നാൽ വർഷങ്ങളോളം ഇങ്ങനെ ചെയ്യുന്നത് ക്ഷീണത്തിനും ഉറക്കമില്ലായ്മയ്ക്കും അപ്പുറം മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമോ?
ബിഎംസി പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് അനുസരിച്ച്, വർഷങ്ങളോളം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നത് സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്ന് കണ്ടെത്തുകയുണ്ടായി. രാത്രി ഷിഫ്റ്റ് ചെയ്യാത്ത സ്ത്രീകളെ അപേക്ഷിച്ച് 30 വർഷത്തിലധികം രാത്രി ജോലി ചെയ്യുന്നവരിൽ ഈ സാധ്യത 13 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ രാത്രി ജോലി ചെയ്യുന്നതാണ് സ്തനാർബുദത്തിന് നേരിട്ട് കാരണമാകുന്നത് എന്ന് ഇതിനർത്ഥമില്ലെന്ന് ചെന്നൈ ഗ്ലെനീഗിൾസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ. കെ. അസ്മി സൗന്ദര്യ പറയുന്നു. സ്തനാർബുദത്തെ സ്വാധീനിക്കുന്ന മറ്റ് പല ഘടകങ്ങളുമുണ്ട്.
മനുഷ്യ ശരീരത്തിൽ ഉറക്കം, ഹോർമോൺ പ്രവർത്തനം എന്നിവയെ നിയന്ത്രിക്കുന്ന 24 മണിക്കൂർ ജൈവ ഘടികാരമുണ്ട് (Circadian rhythm). രാത്രി ഷിഫ്റ്റ് ജോലി ഈ സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുന്നു. രാത്രി വെളിച്ചത്തിൽ ഉണർന്നിരിക്കുകയും പകൽ സമയത്ത് ഉറങ്ങാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ ശരീരത്തിന്റെ ഹോർമോൺ സന്തുലിതാവസ്ഥയിൽ മാറ്റങ്ങൾ വരുന്നു. അന്താരാഷ്ട്ര കാൻസർ ഗവേഷണ ഏജൻസി (IARC) രാത്രി ഷിഫ്റ്റ് ജോലിയെ കാൻസറിന് കാരണമായേക്കാവുന്ന ഒരു ഘടകമായി തരംതിരിച്ചിട്ടുണ്ടെങ്കിലും, മനുഷ്യരിൽ ഇതിന് കൃത്യമായ തെളിവുകൾ പരിമിതമാണ്. അതിനാൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ഭയപ്പെടേണ്ടതില്ല.
ശരീരഭാരം, കുടുംബത്തിലെ കാൻസർ പാരമ്പര്യം, പ്രായം, ജീവിതശൈലി തുടങ്ങി നിരവധി ഘടകങ്ങൾ സ്തനാർബുദത്തിന് കാരണമാകാറുണ്ട്. രാത്രി ഷിഫ്റ്റ് ജോലി ഇതിലൊന്ന് മാത്രമാണ്. എന്നാൽ വർഷങ്ങളോളം രാത്രി ജോലി ചെയ്യുന്ന സ്ത്രീകൾ സ്വന്തം ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
സ്തനങ്ങളിൽ ഉണ്ടാകുന്ന പുതിയ തടിച്ച ഭാഗങ്ങൾ, വലിപ്പത്തിലോ രൂപത്തിലോ ഉള്ള മാറ്റങ്ങൾ, ചർമ്മത്തിലെ മാറ്റങ്ങൾ, മുലക്കണ്ണിൽ നിന്നുള്ള ദ്രവം വരിക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ അവ സാധാരണ ക്ഷീണമോ ഹോർമോൺ മാറ്റങ്ങളോ ആണെന്ന് കരുതി അവഗണിക്കരുത്. ഇങ്ങനെയുള്ള മാറ്റങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണേണ്ടതാണ്.
കൂടാതെ, പ്രായത്തിനും വ്യക്തിഗത ആരോഗ്യത്തിനും അനുസരിച്ചുള്ള സ്തനാർബുദ പരിശോധനകൾ (Screening) കൃത്യമായി നടത്താൻ ശ്രദ്ധിക്കണം. ഉദാഹരണത്തിന്, 40 വയസ്സിന് മുകളിലുള്ള സ്ത്രീകൾ മാമ്മോഗ്രാം പരിശോധന നടത്തുന്നത് നല്ലതാണ്. രാത്രി ഷിഫ്റ്റ് ജോലി ചെയ്യുന്നത് ചെറിയ തോതിൽ സാധ്യത വർദ്ധിപ്പിച്ചേക്കാമെങ്കിലും അത് കാൻസർ വരുമെന്നതിന്റെ സൂചനയല്ല. പോഷകാഹാരം കഴിക്കുക, ആവശ്യത്തിന് ഉറങ്ങാൻ ശ്രമിക്കുക, വ്യായാമം ചെയ്യുക, കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തുക എന്നിവയാണ് പ്രധാനം.




