Featured Health

വെള്ളം കുടി കുറഞ്ഞാൽ ഹൃദയം പണിമുടക്കും! മുന്നറിയിപ്പുമായി ഹൃദ്രോഗ വിദഗ്ധൻ

പ്രോട്ടീൻ, നാരുകൾ എന്നിവപോലെ തന്നെ ശരീരത്തിന് ദിവസവും കൃത്യമായ അളവിൽ വെള്ളവും ആവശ്യമാണ്. ദിവസവും 2.7 മുതൽ 3 ലിറ്റർ വരെ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കാറുണ്ടെങ്കിലും, പലപ്പോഴും ദാഹം തോന്നാത്തതിനാലോ തിരക്കുകൾ കാരണമായോ ആളുകൾ ആവശ്യത്തിന് വെള്ളം കുടിക്കാൻ മറന്നുപോകാറുണ്ട്. എന്നാൽ ശരീരത്തിൽ ജലാംശം കുറയുന്നത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ഡൽഹി ധരംശില നാരായണ സൂപ്പർസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ചീഫ് കാർഡിയോളജിസ്റ്റ് ഡോ. പ്രദീപ് കുമാർ നായക് വ്യക്തമാക്കുന്നു.

ശരീരത്തിൽ ജലാംശം കുറയുമ്പോൾ (Dehydration) ഹൃദയമിടിപ്പ് സാധാരണയേക്കാൾ വേഗത്തിലാകാൻ തുടങ്ങുന്നു. രക്തചംക്രമണ വ്യവസ്ഥ സുഗമമായി പ്രവർത്തിക്കാൻ വെള്ളം അത്യന്താപേക്ഷിതമാണ്. ശരീരത്തിൽ ദ്രാവകത്തിന്റെ അളവ് കുറയുമ്പോൾ രക്തത്തിന്റെ അളവിലും (Blood volume) കുറവുണ്ടാകുന്നു. ഈ സാഹചര്യത്തിൽ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്ക് രക്തവും ഓക്സിജനും കൃത്യമായി എത്തിക്കാൻ ഹൃദയത്തിന് കൂടുതൽ വേഗത്തിൽ പ്രവർത്തിക്കേണ്ടി വരുന്നു.

കഠിനമായ വ്യായാമത്തിൽ ഏർപ്പെടുമ്പോഴോ, ചൂടുള്ള കാലാവസ്ഥയിൽ പുറത്ത് സമയം ചെലവഴിക്കുമ്പോഴോ, ഛർദ്ദി, അതിസാരം എന്നിവ ഉണ്ടാകുമ്പോഴോ ശരീരത്തിൽ നിന്ന് വലിയ തോതിൽ വെള്ളം നഷ്ടപ്പെടുന്നു. ഇത് ഹൃദയമിടിപ്പ് ക്രമാതീതമായി ഉയരാൻ കാരണമാകുന്നു.

ദാഹം, വായ ഉണങ്ങിപ്പോകുക, മൂത്രത്തിന്റെ നിറം മാറ്റം (ഇരുണ്ട നിറം), മൂത്രമൊഴിക്കുന്നതിന്റെ അളവ് കുറയുക, തലവേദന, ക്ഷീണം, തലകറക്കം, പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത, നെഞ്ചിടിപ്പ് കൂടുക എന്നിവയാണ് നിർജ്ജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

കഠിനമായി വ്യായാമം ചെയ്യുന്നവർ, ചൂടുള്ള കാലാവസ്ഥയിൽ ജോലി ചെയ്യുന്നവർ, പനി, ഛർദ്ദി, വയറിളക്കം എന്നിവയുള്ളവർ, പ്രായമായവർ, ചില പ്രത്യേക മരുന്നുകൾ കഴിക്കുന്നവർ എന്നിവരിലാണ് നിർജ്ജലീകരണവും അതിനോടനുബന്ധിച്ചുള്ള ഹൃദയമിടിപ്പും കൂടുതലായി കാണപ്പെടുന്നത്.

നിർജ്ജലീകരണം മൂലമാണ് ഹൃദയമിടിപ്പ് കൂടുന്നതെങ്കിൽ തണുപ്പുള്ള സ്ഥലത്ത് വിശ്രമിക്കുകയും ചെറിയ അളവിൽ വെള്ളം കുടിക്കുകയും ചെയ്യുക. കഠിനമായ ക്ഷീണമോ ദ്രാവക നഷ്ടമോ ഉണ്ടെങ്കിൽ ഒ.ആർ.എസ് (ORS) ലായനി കുടിക്കാവുന്നതാണ്. എന്നാൽ ആവശ്യത്തിന് വെള്ളം കുടിക്കുകയും വിശ്രമിക്കുകയും ചെയ്തശേഷവും ഹൃദയമിടിപ്പ് സാധാരണ നിലയിലായില്ലെങ്കിൽ ഉടൻ തന്നെ ഡോക്ടറുടെ സഹായം തേടണം. വിളർച്ച, തൈറോയ്ഡ് പ്രശ്നങ്ങൾ, ഹൃദയതാളത്തിലെ വ്യതിയാനങ്ങൾ എന്നിവ കാരണവും നെഞ്ചിടിപ്പ് കൂടാൻ സാധ്യതയുണ്ട്.ആവശ്യത്തിന് വെള്ളം കുടിക്കാറില്ലേ? നിർജ്ജലീകരണം ഹൃദയമിടിപ്പിനെ എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുകയും 5 മുന്നറിയിപ്പ് ലക്ഷണങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നു പ്രമുഖ കാർഡിയോളജിസ്റ്റ്.