ബീഹാറിലെ പട്നയിൽ വനിതാ പോലീസിനോട് മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയും ചെയ്ത 22-കാരൻ അറസ്റ്റിലായി. സെപ്റ്റംബർ 30-ന് വൈകുന്നേരം 6:30 ഓടെ പ്രദേശത്ത് പട്രോളിംഗ് നടത്തുകയായിരുന്ന ‘പോലീസ് ദീദി’ സംഘത്തിലെ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്നതിനിടെയാണ് സംഭവം.
ചോദ്യം ചെയ്യലിനിടെ ഇവരിൽ പ്രദീപ് കുമാർ എന്ന യുവാവ് വനിതാ പോലീസിനോട് അധിക്ഷേപകരമായി സംസാരിച്ചു. തുടർന്നുണ്ടായ തർക്കത്തിനിടെ ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ പ്രദീപിന്റെ കരണത്തടിക്കുകയും, പകരം പ്രദീപ് തിരിച്ച് ഉദ്യോഗസ്ഥയെ മർദ്ദിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഏകദേശം ഒരു മിനിറ്റോളം നീണ്ടുനിന്ന തർക്കത്തിനൊടുവിൽ മൂന്ന് യുവാക്കളും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് പ്രദീപ് കുമാറിനെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിലുള്ള മറ്റ് രണ്ട് പേർക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
പെൺകുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്കൂളുകൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം വനിതാ പോലീസുകാരെ വിന്യസിക്കുന്ന പദ്ധതിയാണ് ‘പോലീസ് ദീദി’. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.




