Sports

കലാശപ്പോരിൽ മഴ വില്ലനാകുമോ ? ഇന്ത്യ– പാക്ക് ഫൈനൽ ഉപേക്ഷിച്ചാൽ സ്വർണ മെഡൽ ആര്‍ക്ക്? മെഡൽ സമ്മാനിക്കാൻ നഖ്‌‍വി വരുമോ?

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണ മെഡൽ പോരാട്ടത്തിന് ഇന്ത്യയും ചിരവൈരികളായ പാക്കിസ്ഥാനും ശനിയാഴ്ച കളത്തിലിറങ്ങും. സെമി ഫൈനലിൽ ശ്രീലങ്കയെ 124 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 45 റൺസിന് പുറത്താവുകയായിരുന്നു. 46 പന്തിൽ 80 റൺസുമായി പുറത്താകാതെ നിന്ന ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

നീഷിനിലെ മത്സരത്തിന് മഴ ഭീഷണിയുയർത്തുന്നുണ്ട്. രാവിലെ മഴ പെയ്യാൻ 62 ശതമാനം സാധ്യതയുണ്ടെങ്കിലും ഉച്ചയോടെ ഇത് 25 ശതമാനമായി കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. ജപ്പാൻ സമയം ഉച്ചയ്ക്ക് 1.30-നും ഇന്ത്യൻ സമയം രാവിലെ 10-നുമാണ് പോരാട്ടം തുടങ്ങുന്നത്. മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാൽ ഇത്തവണത്തെ നിയമപ്രകാരം ഇരു ടീമുകളും സ്വർണ മെഡൽ പങ്കിടും. 2023-ൽ ഉയർന്ന റാങ്കിങ്ങിന്റെ കരുത്തിലാണ് ഇന്ത്യ സ്വർണം നേടിയതെങ്കിൽ ഇത്തവണ നിബന്ധനകളിൽ മാറ്റമുണ്ട്.

രണ്ടാം തവണ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ പുരുഷ ടീം ഇതുവരെ പാക്കിസ്ഥാനെതിരെ കളിച്ചിട്ടില്ല. ശ്രീലങ്കയെ തോൽപ്പിച്ച് സ്വർണം നേടിയ ഇന്ത്യൻ വനിതാ ടീമും ഏഷ്യൻ ഗെയിംസിൽ പാക്ക് പടയെ നേരിട്ടിട്ടില്ലെന്നത് ശ്രദ്ധേയമാണ്. കൊറോഗി പാർക്കിൽ നടക്കുന്ന ഈ കലാശപ്പോരാട്ടം നേരിട്ടു കാണാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) പ്രസിഡന്റ് മൊഹ്സിൻ നഖ്‌വി എത്തില്ല. മുൻകൂട്ടി നിശ്ചയിച്ച തിരക്കുകൾ കാരണം എത്താൻ സാധിക്കില്ലെന്നും ഫൈനലിലെത്തിയ ടീമുകൾക്ക് ആശംസകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ നഖ്‌വി ബിസിസിഐയുമായി നിരന്തരം അസ്വാരസ്യങ്ങളിലുള്ള വ്യക്തിയാണ്. ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ‘ഓപ്പറേഷൻ സിന്ദൂറിന്’ പിന്തുണ പ്രഖ്യാപിച്ച്, നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫികൾ സ്വീകരിക്കാൻ ഇന്ത്യൻ ടീമുകൾ വിസമ്മതിച്ചിരുന്നു. നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങിയില്ലെങ്കിലും അദ്ദേഹം ഒഴികെ മറ്റാരെങ്കിലും നൽകിയാൽ ട്രോഫി സ്വീകരിക്കാമെന്ന ബിസിസിഐയുടെ നിലപാടിനോട് നഖ്‌വിയും ഇതുവരെ യോജിച്ചിട്ടില്ല.