നീണ്ടകാലമായി തങ്ങളുടെ വീട്ടിൽ ജോലിക്കുനിൽക്കുന്ന മറിയം എന്ന വീട്ടുജോലിക്കാരിയെ സഹായിക്കാൻ അബീർ തബാക്കി എന്ന യുവതി ഓൺലൈൻ വഴി ഫണ്ട് ശേഖരിച്ച് നൽകിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ നേടുന്നു. വ്യക്തിപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന മറിയത്തെ സഹായിക്കാനായി ‘GoFundMe’ വഴിയാണ് ഇവർ പണം സ്വരൂപിച്ചത്.
ലക്ഷ്യമിട്ടതിലും അധികമായി 47 ലക്ഷത്തോളം രൂപയാണ് ഇവർ കുറഞ്ഞ സമയം കൊണ്ട് സമാഹരിച്ചത്. പല കുടുംബങ്ങളിലും വീട്ടുജോലിക്കാർ ആ കുടുംബത്തിന്റെ തന്നെ അവിഭാജ്യ ഘടകമായി മാറാറുണ്ട്. വർഷങ്ങളായുള്ള വിശ്വസ്തമായ സേവനത്തിലൂടെ അവർ വലിയ സ്നേഹവും ബഹുമാനവും നേടിയെടുക്കുന്നു.
മറിയത്തിന്റെ വർഷങ്ങളായുള്ള കഠിനാധ്വാനവും വിശ്വസ്തതയും എടുത്തുപറഞ്ഞ അബീർ, അവരെ സഹായിക്കാൻ സുഹൃത്തുക്കളോടും മറ്റ് ദയാലുക്കളായ മനുഷ്യരോടും അഭ്യർത്ഥിക്കുകയായിരുന്നു. പുറമെ എപ്പോഴും സന്തോഷവതിയായി കാണപ്പെടുമെങ്കിലും മറിയത്തിന്റെ ജീവിതം വളരെ കഠിനമായിരുന്നുവെന്ന് അബീർ കുറിച്ചു. വർഷങ്ങളായി താൻ സമ്പാദിച്ചതെല്ലാം മറ്റുള്ളവർക്കായി നൽകിയ അവർ എപ്പോഴും സ്വന്തം കാര്യങ്ങൾക്കപ്പുറം മറ്റുള്ളവരെയാണ് നോക്കിയിരുന്നത്. എന്നാൽ തിരിച്ച് അവർക്ക് അർഹിച്ച സ്നേഹമോ പിന്തുണയോ ലഭിച്ചില്ല.
അഞ്ചാം വയസ്സിൽ മറിയത്തെ ദത്തെടുത്ത കുടുംബം അവരെക്കൊണ്ട് വർഷങ്ങളോളം വീട്ടുജോലികൾ ചെയ്യിപ്പിക്കുകയും അവരെ വേണ്ടവിധം പരിപാലിക്കാതെ പണം തട്ടിയെടുക്കുകയുമായിരുന്നു. അവർ അധ്വാനിച്ചുണ്ടാക്കിയ പണമെല്ലാം കടമെന്ന വ്യാജേനയും അല്ലാതെയും ആ കുടുംബം കൈക്കലാക്കി. തെറ്റുകൾ തിരുത്തിക്കൊടുക്കുന്നതിന് പകരം അവർ ശാരീരികമായും മാനസികമായും ക്രൂരമായി ഉപദ്രവിക്കപ്പെട്ടു. അവരുടെ സ്വാതന്ത്ര്യവും പണവും ആത്മവിശ്വാസവും വരെ ആ കുടുംബം ഇല്ലാതാക്കി. സൗന്ദര്യത്തിന്റെയും ശരീരനിറത്തിന്റെയും പേരിൽ അവർ നിരന്തരം അധിക്ഷേപിക്കപ്പെട്ടു.
ആ ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇറങ്ങിപ്പോന്ന മറിയത്തിന് സ്വന്തമായി ഒരു വീടോ തലചായ്ക്കാൻ ഒരിടമോ ഇല്ലായിരുന്നു. നിലവിൽ ഹോങ്കോംഗിലുള്ള തങ്ങളുടെ കുടുംബത്തോടൊപ്പമാണ് മറിയം താമസിക്കുന്നത്. ഇതല്ലാതെ അവർക്ക് പോകാൻ മറ്റൊരിടവുമില്ലെന്നും ഇപ്പോഴും കുറേ ചികിത്സാ ചെലവുകൾ നൽകാനുണ്ടെന്നും അബീർ വ്യക്തമാക്കി. സ്വന്തമായി ഒരു വീട് എന്ന ലളിതമായ ആഗ്രഹമാണ് അവർക്കുള്ളത്. തന്റേതെന്ന് പറയാൻ ഒരിടവും സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷവുമാണ് അവർ സ്വപ്നം കാണുന്നത്.
ഈ കഥ സോഷ്യൽ മീഡിയയിൽ വലിയ ചലനമുണ്ടാക്കി. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ മറിയത്തെ സഹായിക്കാൻ മുന്നോട്ടുവന്നു. ചെറിയൊരു തുക ലക്ഷ്യമിട്ട് തുടങ്ങിയ ഈ ക്യാമ്പയിൻ ജനങ്ങളുടെ വലിയ പിന്തുണയോടെ പ്രതീക്ഷകൾക്കും അപ്പുറമായി 47 ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്.




