ഇരിട്ടി: വടകര ലഹരിക്കേസില്‍ അറസ്റ്റിലായ ഡെലിവറി ബോയ് ഇരിട്ടി പേരട്ട സ്വദേശി ജിജില്‍ കുര്യാക്കോസില്നിന്ന് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. പിടിയിലായ മൂന്ന് അധ്യാപികമാരും ലഹരിവ്യാപാരത്തിലെ സാമ്പത്തിക ഇടപാടുകളിൽ പങ്കാളികളായതിന് പുറമേ ലഹരി ഉപയോഗിച്ചിരുന്നതായും സൂചനയുണ്ട്. ഇതോടെ ലഹരി ഇടപാടുകളുടെ മുഖ്യ ആസൂത്രകനായ വയനാട് സ്വദേശിയെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.
ലഹരി ശൃംഖലയിലെ മുഖ്യകണ്ണി വയനാട് സ്വദേശിയാണെന്നാണ് ലഭ്യമാകുന്ന സൂചന. ഇയാളെ ഉടന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. കഴിഞ്ഞദിവസം പിടിയിലായ ജിജില്‍ കുര്യാക്കോസിന്റെ അക്കൗണ്ടിലൂടെ ഒരു കോടിയോളം രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. നിലവിൽ പ്രതികളുടെ ബാങ്ക് വിവരങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപികമാരുടെ സുഹൃത്തായ മറ്റൊരു യുവതി കൂടി നിലവിൽ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. നിലവിൽ ബംഗളൂരുവിലുള്ള ഈ യുവതിക്ക് പുറമേ വമ്പന്‍ സ്രാവുകള്‍ക്കും ലഹരി കടത്തിൽ പങ്കുണ്ടെന്നാണ് അറിയുന്നത്. ഇതിനിടെ റിമാൻഡിൽ കഴിയുന്ന അധ്യാപികമാരായ കാവ്യ, കീര്‍ത്തന എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനുള്ള എസ്.ഐ.ടി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
എം.ഡി.എം.എ. കേസില്‍ അറസ്റ്റിലായ അധ്യാപികമാരടക്കം അഞ്ച് പേരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വന്‍ തുക എത്തിയിട്ടുണ്ടെന്ന് ഡി.ഐ.ജി കെ കാര്‍ത്തിക് അറിയിച്ചു. ഈ പണം ഉപയോഗിച്ച് സ്വത്തുക്കളോ മറ്റ് ആസ്തികളോ വാങ്ങിയിട്ടുണ്ടെങ്കിൽ അത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അറസ്റ്റിലായ നീഷ്മയെയും ജിജിലിനെയും കസ്റ്റഡിയിൽ ലഭിക്കാൻ അന്വേഷണസംഘം അടുത്ത ദിവസം വടകര എന്‍.ഡി.പി.എസ്. കോടതിയിൽ അപേക്ഷ നൽകും. ഇതിനിടെ കാവ്യ ബി.ആര്.സി ജീവനക്കാരിയായിരിക്കെ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയത് അന്വേഷിക്കണമെന്നും അവർക്ക് അനധികൃതമായി ലീവ് അനുവദിച്ചതിനെക്കുറിച്ച് പരിശോധിക്കണമെന്നും പേരാമ്പ്രയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ആവശ്യമുയർന്നു.




