Featured Sports

‘രക്തവും ജീവനും നൽകി ഞാന്‍ പോരാടി, എന്റെ സമയം കഴിഞ്ഞു, ഇനി തിരിച്ചുവരവില്ല’; ആവർത്തിച്ച് നെയ്മർ

റിയോ ഡി ജനൈറോ: ബ്രസീൽ ദേശീയ ടീമിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്ന് സൂപ്പർ താരം നെയ്മർ . അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും 34-ാം വയസ്സിൽ തന്റെ ബ്രസീലിയൻ കരിയർ പൂർണ്ണമായി അവസാനിച്ചുവെന്നും താരം അറിയിച്ചു. കോപ്പ സുഡാമേരിക്കാനയിൽ വെനസ്വേലൻ ക്ലബ്ബ് യൂണിവേഴ്‌സിഡാഡ് സെൻട്രലിനെതിരായ സാന്റോസിന്റെ മത്സരശേഷമാണ് ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയത്.

”ദേശീയ ടീമിനൊപ്പമുള്ള എന്റെ സമയം കഴിഞ്ഞുവെന്ന് ഞാൻ കരുതുന്നു. അവിടെ ഞാൻ ചരിത്രം സൃഷ്ടിച്ചു, അതിൽ ഞാൻ സന്തുഷ്ടനാണ്. മഞ്ഞക്കുപ്പായത്തിനായി ഞാൻ രക്തവും ജീവനും നൽകി പോരാടി, എന്നാൽ ഇനി അത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” – മാധ്യമങ്ങളോട് സംസാരിക്കവെ താരം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ലോകകപ്പ് പ്രീ-ക്വാർട്ടറിൽ നോർവേയോട് 2-1 ന് തോറ്റ് ബ്രസീൽ പുറത്തായതാണ് നെയ്മറുടെ വിരമിക്കൽ തീരുമാനത്തിന് പ്രധാന കാരണമായത്. 1990 ന് ശേഷമുള്ള ബ്രസീലിന്റെ ഏറ്റവും മോശം ലോകകപ്പ് പ്രകടനമായിരുന്നു ഇത്. താൻ പരമാവധി ശ്രമിച്ചെന്നും എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചുവെന്നും മത്സരശേഷം വികാരാധീനനായി താരം പ്രതികരിച്ചിരുന്നു. ബ്രസീലിനായി കളിച്ച 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകളും 58 അസിസ്റ്റുകളും നേടിയ നെയ്മർ നാല് ലോകകപ്പുകളിൽ പങ്കാളിയായിട്ടുണ്ട്.

സാന്റോസ്, ബാഴ്‌സലോണ, പി.എസ്.ജി തുടങ്ങിയ മുൻനിര ക്ലബ്ബുകൾക്കായി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ബ്രസീൽ സീനിയർ ടീമിനൊപ്പം 2013-ലെ കോൺഫെഡറേഷൻസ് കപ്പ് മാത്രമാണ് നെയ്മർക്ക് നേടാനായത്. ബ്രസീലിന് ആറാം ലോകകപ്പ് നേടിക്കൊടുക്കുക എന്ന സ്വപ്നം ബാക്കിയാക്കിയാണ് ഈ സൂപ്പർ താരം അന്താരാഷ്ട്ര ഫുട്‌ബോളിനോട് വിടപറയുന്നത്.