ബെംഗളൂരുവിലെ മുൻ ഐ.ടി ജീവനക്കാരി കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് റാപ്പിഡോ ഓട്ടോ ഡ്രൈവറായി മാറിയ വാർത്തയും അതിന് പിന്നിലെ കഥയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്. അച്ഛന്റെ വിയോഗത്തിന് ശേഷം രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിനൊപ്പം അമ്മയെ ഒറ്റയ്ക്കാക്കാതെ പരിചരിക്കാൻ കഴിയാതെ വന്നതോടെയാണ് ജോലി ഉപേക്ഷിച്ചതെന്ന് ഇവർ വീഡിയോയിൽ പറയുന്നു. തുടർന്ന്, സ്വന്തമായി സമയം കണ്ടെത്താനും വീടിനടുത്ത് തന്നെ തുടരാനും സാധിക്കുന്ന ഓട്ടോ ഡ്രൈവിംഗ് തൊഴിലായി തിരഞ്ഞെടുക്കുകയായിരുന്നു.
തൻവി എന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ഇവരുമായി സംസാരിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ സംഭവം പുറംലോകമറിയുന്നത്. തുടക്കത്തിൽ ഓട്ടോ ഡ്രൈവറാകുന്നതിനെ കുടുംബം എതിർത്തിരുന്നതിനാൽ ഈ തീരുമാനമെടുക്കൽ എളുപ്പമായിരുന്നില്ലെന്ന് യുവതി വെളിപ്പെടുത്തി. എങ്കിലും സ്വന്തം സാഹചര്യങ്ങൾക്കും കുടുംബത്തിനും അനുയോജ്യമായ വഴി തിരഞ്ഞെടുക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവിംഗ് ഒരു മോശം തൊഴിലല്ലെന്ന് പറഞ്ഞ ഇവർ, ഐ.ടി ജോലിയിൽ ലഭിച്ചിരുന്നതിനേക്കാൾ കൂടുതൽ വരുമാനം ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാൾ ഓട്ടോ ഓടിക്കുന്നത് കാണുമ്പോൾ ആളുകൾ പലപ്പോഴും അത്ഭുതപ്പെടാറുണ്ടെന്നും യുവതി കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ പ്രതീക്ഷകളെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടാതെ സ്വന്തം വഴി തിരഞ്ഞെടുത്ത യുവതിയെ തൻവി തന്റെ പോസ്റ്റിൽ അഭിനന്ദിച്ചു. “ആളുകൾ എന്ത് പറയും എന്നതിനെക്കുറിച്ച് അവർ ആലോചിച്ചില്ല. സ്വാതന്ത്ര്യവും സ്വയംപര്യാപ്തതയുമാണ് അവർ തിരഞ്ഞെടുത്തത്. ധൈര്യശാലിയാവുക എന്നത് അത്ഭുതങ്ങൾ പ്രവർത്തിക്കൽ മാത്രമല്ല, എനിക്ക് ഇതാണ് വേണ്ടതെന്ന് ഉറപ്പിച്ചു പറയാനുള്ള ആർജ്ജവം കൂടിയാണ്,” എന്ന് തൻവി കുറിച്ചു.
യുവതിയുടെ ആത്മവിശ്വാസത്തെയും സ്വാതന്ത്ര്യത്തിനും സമാധാനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കോർപ്പറേറ്റ് ജോലി വേണ്ടെന്നുവെച്ച തീരുമാനത്തെയും പ്രശംസിച്ച് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നത്. “രാത്രിയിൽ അമ്മയെ ഒറ്റയ്ക്കാക്കാതിരിക്കാൻ എടുത്ത ആ മനസ്സിന് ബിഗ് സല്യൂട്ട്,” എന്ന് ഒരാൾ കുറിച്ചപ്പോൾ, “ഒരു ജീവനക്കാരന് കോർപ്പറേറ്റ് ജോലിയേക്കാൾ നല്ലത് ഓട്ടോ ഓടിക്കുന്നതാണെന്ന് തോന്നിയെങ്കിൽ കോർപ്പറേറ്റ് കമ്പനികൾ തലയുയർത്താൻ അർഹരല്ല,” എന്ന് മറ്റൊരു ഉപയോക്താവും അഭിപ്രായപ്പെട്ടു.




