Featured Oddly News

ഇതൊക്കെ എങ്ങനെ സാധിക്കുന്നു? മരത്തിന് മുകളിൽ സ്കൂട്ടിയുമായി യുവതിയും കുട്ടിയും, സത്യമോ അതോ എഐ മാജിക്കോ? വീഡിയോ

ഒരു മരത്തിനു മുകളിൽ സ്കൂട്ടറിലിരിക്കുന്ന സ്ത്രീയുടെയും കുട്ടിയുടെയും വിചിത്രമായ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. തിരക്കേറിയ റോഡരികിലെ മരത്തിൽ, ഏറെ ഉയരത്തിലാണ് സ്കൂട്ടർ നിൽക്കുന്നത്. കണ്ടുനിൽക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന ഈ കാഴ്ചയെത്തുടർന്ന് നിരവധിയാളുകളാണ് തമാശ രൂപേണയുള്ള ചോദ്യങ്ങളുമായി രംഗത്തെത്തുന്നത്.

ഇത്രയും ഉയരത്തിലുള്ള മരത്തിലേക്ക് സ്കൂട്ടർ എങ്ങനെ എത്തി എന്ന ചോദ്യമാണ് ഭൂരിഭാഗം ആളുകളും ചോദിക്കുന്നത്. ചിലർ ആ സ്ത്രീയുടെ “പാർക്കിംഗ് മിടുക്കിനെ” കളിയാക്കിയപ്പോൾ, മറ്റു ചിലർ “ഇതൊക്കെ എങ്ങനെ സാധിക്കുന്നു?” എന്നാണ് അത്ഭുതത്തോടെ ചോദിക്കുന്നത്.

അതേസമയം, ഈ വീഡിയോ യഥാർത്ഥമാണോ അതോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ചതാണോ എന്ന കാര്യത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്. ഇത്തരം വ്യാജ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായതിനാൽ, സത്യാവസ്ഥ അറിയാതെ വീഡിയോ വിശ്വസിക്കരുതെന്ന് പലരും മുന്നറിയിപ്പ് നൽകുന്നു.

സംഭവം എവിടെയാണ് നടന്നതെന്നോ, ഇതിന്റെ പിന്നിലെ യഥാർത്ഥ കാരണം എന്താണെന്നോ ഉള്ളതിനെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. ഈ സ്ത്രീയെക്കുറിച്ചോ കുട്ടിയെക്കുറിച്ചോ കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

ഇതിനോടകം തന്നെ രസകരമായ ഒട്ടേറെ കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. “അടുത്ത ധൂം സിനിമയിലോ ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് സിനിമയിലോ ഇവർക്ക് വേഷം നൽകാം”, “പാർക്കിംഗ് സ്ഥലം കിട്ടാത്തപ്പോൾ നമ്മൾ ചെയ്യാൻ ആഗ്രഹിച്ച കാര്യമാണ് ഇവർ ചെയ്തത്” എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഇത് യഥാർത്ഥ സംഭവമാണോ അതോ എഡിറ്റ് ചെയ്ത വീഡിയോയാണോ എന്ന സംശയങ്ങൾ ഇപ്പോഴും തുടരുകയാണെങ്കിലും സംഭവം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.