ഛത്തീസ്ഗഡിലെ ബാലോദ് ജില്ലയിൽ ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ മുംബൈ സ്വദേശിയായ 24 കാരി മരിച്ചു. മുംബൈ ബോറിവ്ലി വെസ്റ്റ് സ്വദേശിനി ഋദ്ധി ഠാക്കർ ആണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന മോട്ടോർസൈക്കിളിൽ തിരിച്ചറിയാത്ത വലിയൊരു വാഹനം ഇടിക്കുകയായിരുന്നു. ബസ്തർ മേഖലയിലേക്ക് ബൈക്ക് ടൂർ നടത്തുന്ന 20 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം.
പുരൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാഷണൽ ഹൈവേ 30-ൽ മർകതോള ഘട്ടിന് സമീപം രാവിലെ 6 മണിയോടെയാണ് സംഭവം നടന്നത്. മഹാരാഷ്ട്രയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള 20 ഓളം ബൈക്ക് യാത്രികർ റായ്പൂരിൽ എത്തിയ ശേഷം ബസ്തറിലേക്ക് പോവുകയായിരുന്നു. ഋദ്ധി ഠാക്കർ സഞ്ചരിച്ചിരുന്ന ബജാജ് അവഞ്ചർ ബൈക്കിൽ വാഹനം ഇടിക്കുകയായിരുന്നു. അപകടത്തിൽ കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിന് ശേഷം ഇടിച്ച വാഹനം നിർത്താതെ ഓടിച്ചുപോയി. വാഹനം കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന ഉടൻ കൂടെയുണ്ടായിരുന്ന മറ്റ് യാത്രക്കാർ ഡയൽ 112 എന്ന അടിയന്തര നമ്പറിൽ ബന്ധപ്പെട്ടു. തുടർന്ന് എമർജൻസി വാഹനത്തിൽ അയൽ ജില്ലയായ കാങ്കറിലെ ചരാമ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചു.
പരുക്കുകൾ ഗുരുതരമായതിനാൽ ഡോക്ടർമാർ ധംതാരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ചികിത്സയിലിരിക്കെ ഇവർ മരണപ്പെടുകയായിരുന്നു. റായ്പൂരിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് അപകടം നടന്ന മർകതോള ഘട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.




