ഇന്തോനേഷ്യൻ സൈനിക പരിശീലന പരിപാടിയുടെ സമാപനച്ചടങ്ങിൽ നിന്നുള്ള വികാരനിർഭരമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പരിശീലനം പൂർത്തിയാക്കിയ മറ്റ് സൈനികർ തങ്ങളുടെ കുടുംബാംഗങ്ങളോടും പ്രിയപ്പെട്ടവരോടും ഒപ്പം സന്തോഷം പങ്കിടുമ്പോൾ, ഒരു യുവസൈനികൻ മാത്രം ആരുമില്ലാതെ തനിച്ചുനിൽക്കുന്ന ദൃശ്യങ്ങളാണ് കാഴ്ചക്കാരുടെ മനസ്സിനെ ഈറനണിയിച്ചത്.
എന്നാൽ ഈ സമയം ദൂരെ നിന്ന് ഇത് ശ്രദ്ധിച്ച കമാൻഡർ ആ സൈനികന്റെ അടുത്തേക്ക് വരികയും അവനെ ചേർത്തുപിടിക്കുകയും ചെയ്തു. കമാൻഡർ കെട്ടിപ്പിടിച്ചതോടെ നിയന്ത്രണം വിട്ട് കരയുന്ന സൈനികനെ വീഡിയോയിൽ കാണാം. ഒരു ചെറിയ ആംഗ്യത്തിലൂടെ ആ പ്രധാനപ്പെട്ട ദിവസം സൈനികന് ആശ്വാസവും സ്വന്തം കുടുംബത്തിലൊരാളാണെന്ന തോന്നലും നൽകാൻ കമാൻഡർക്ക് സാധിച്ചു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് വൈകാരികമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇന്തോനേഷ്യ ഒരു ദ്വീപ് രാജ്യമായതിനാൽ ദൂരക്കൂടുതലും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണമാകാം കുടുംബത്തിന് എത്താൻ കഴിയാതിരുന്നതെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്. കുടുംബമില്ലെങ്കിലും കൂടെയുള്ള സൈനികർ സഹോദരന്മാരെപ്പോലെ കൂടെയുണ്ടാകുമെന്ന സന്ദേശവും ആളുകൾ പങ്കുവെക്കുന്നു.




