ആലപ്പുഴ പുന്നപ്രയിൽ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ നാല് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്.
പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി.
തുടർന്ന് സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ 2022-ലാണ് പിതാവിന് കൈമാറുന്നത്. എന്നാൽ സുരക്ഷിതമെന്ന് കരുതിയ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെച്ച് പിതാവും മറ്റ് മൂന്ന് ബന്ധുക്കളും ചേർന്ന് കുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു.
പിതാവ്, പിതാവിന്റെ സഹോദരീഭർത്താവ്, സഹോദരിയുടെ മകൻ, മറ്റൊരു ബന്ധു എന്നിവരാണ് ഈ ക്രൂരതയ്ക്ക് പിന്നിൽ. പിതാവിനൊപ്പം ഇരുന്ന് മദ്യപിച്ച ശേഷമാണ് ബന്ധുക്കളിലൊരാൾ കുട്ടിയെ പീഡിപ്പിച്ചത് എന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം പെൺകുട്ടി തന്റെ സുഹൃത്തിനോട് ദുരനുഭവങ്ങൾ തുറന്നുപറഞ്ഞതോടെയാണ് വർഷങ്ങൾ നീണ്ട ഈ ക്രൂരത പുറംലോകമറിഞ്ഞത്.
പരാതിയെത്തുടർന്ന് പിതാവടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. നിലവിൽ പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്.




