
വാഷിംഗ്ടണ്‍ ആസ്ഥാനമായി ജോലി ചെയ്തിരുന്ന 47-കാരനായ ഹേമന്ത് വിര്‍മണി, 11.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത്. വാഷിംഗ്ടണില്‍ താമസിക്കുന്ന ഹേമന്ത് വിര്‍മാനി, ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം വ്യക്തമാക്കിയത്. 2025 ഒക്ടോബറില്‍ അപ്രതീക്ഷിതമായി ലഭിച്ച ഇമെയില്‍ വഴി ജോലി നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ മകളുടെ പോസിറ്റീവ് മനോഭാവമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.
11.5 വര്‍ഷത്തോളം ആമസോണിന്റെ ഭാഗമായിരുന്ന വിര്‍മാനി, സീനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് മാനേജര്‍ സ്ഥാനത്ത് നിന്നാണ് പിരിച്ചുവിടപ്പെട്ടത്. അര്‍ദ്ധരാത്രിയില്‍ വന്ന ഒരു ഇമെയിലിലൂടെയാണ് അദ്ദേഹം ഈ വിവരം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഒരു പ്രതിസന്ധി ഘട്ടത്തെ ധീരമായി നേരിട്ട തന്റെ മകളുടെ പോസിറ്റീവ് മനോഭാവമാണ് വിര്‍മാനിക്ക് കരുത്തായത്. ‘വെല്ലുവിളികള്‍ നമ്മെ തളര്‍ത്തരുത്’ എന്ന അവളുടെ നിലപാട് തന്നെ മാറ്റിചിന്തിപ്പിച്ചുവെന്ന് അദ്ദേഹം പറയുന്നു. ജോലി നഷ്ടപ്പെട്ടതിന് തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ചു.
ഇന്ത്യയിലേക്ക് എത്തിയ അദ്ദേഹം ആ സമയം മുന്നോട്ട് എന്ത് ചെയ്യാമെന്ന് ചിന്തിക്കാന്‍ തുടങ്ങി. ‘വെല്ലുവിളികള്‍ ഉണ്ടാകുന്നത് നമ്മള്‍ നമുക്ക് വേണ്ടിയോ മറ്റുള്ളവര്‍ക്ക് വേണ്ടിയോ നിലകൊള്ളുന്നതിനെ തടസ്സപ്പെടുത്തരുത്’ എന്ന മകളുടെ ചിന്താഗതി തന്നെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞു. ശാന്തത കൈവിടാതെ വരാനിരിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മകളുടെ ഈ മനോഭാവം അദ്ദേഹത്തെയും മാറി ചിന്തിക്കാന്‍ സഹായിച്ചു.
തുടര്‍ന്ന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രായോഗികമായി പരീക്ഷണങ്ങള്‍ നടത്താനും അദ്ദേഹം സമയം കണ്ടെത്താന്‍ തുടങ്ങി. ആഴ്ചയില്‍ 4-5 ദിവസം ജിമ്മില്‍ പോകുകയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കുകയും ചെയ്തു. കമ്പനിയുടെ വലിപ്പത്തേക്കാള്‍ ഉപരിയായി, താന്‍ ചെയ്യുന്ന ജോലിക്ക് എത്രത്തോളം സ്വാധീനം ചെലുത്താനാകും എന്ന് ചിന്തിയ്ക്കാന്‍ തുടങ്ങി.
പിരിച്ചുവിടല്‍ എന്നത് നിങ്ങളെക്കുറിച്ചുള്ളതല്ല, മറിച്ച് നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ‘കഴിഞ്ഞ കാര്യങ്ങളെ മാറ്റാന്‍ കഴിയില്ല, അതിനാല്‍ ഇനി എന്ത് ചെയ്യാന്‍ കഴിയും എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രതിസന്ധികളോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം,’ – ഹേമന്ത് പറയുന്നു. ലിങ്ക്ഡ്ഇന്‍ വഴി പഴയ സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



