Crime

‘സുബീന്‍ ഗാര്‍ഗിന് മാനേജരും സംഘാടകനും ചേര്‍ന്ന് വിഷം നല്‍കി’; ഗുരുതര ആരോപണവുമായി ബാൻഡ് അംഗം

പ്രശസ്ത അസമീസ് ഗായകന്‍ ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി. സിംഗപ്പൂരിലെ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ബാൻഡ് മാനേജർ സിദ്ധാർഥ് ശർമ്മയും വിഷം നൽകി സുബിനെ കൊലപ്പെടുത്തിയത് എന്നാണ് വെളിപ്പെടുത്തൽ. കുറ്റകൃത്യം മറച്ചുവെക്കാൻ സിംഗപ്പൂർ തിരഞ്ഞെടുത്തുവെന്നും ശേഖർ പറയുന്നു. പോലീസ് ചോദ്യം ചെയ്യലിനിടയിലാണ് ശേഖർ ഇക്കാര്യം പറഞ്ഞത്. സുബീന്‍ഗാര്‍ഗിന്റെ ബാന്റ്‌മേറ്റും ടീമിലെ ഡ്രമ്മറുമാണ് ശേഖര്‍ ജ്യോതി ഗോസ്വാമി.

സാക്ഷി മൊഴി പ്രകാരം, സിംഗപ്പൂരിൽ ഗാർഗ് മരിക്കുന്നതിന് മുമ്പുള്ള മണിക്കൂറുകളിലെ ശർമ്മയുടെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്ന് ഗോസ്വാമി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. എഫ്‌ഐആറിൽ പ്രതിയായ ശർമ്മയ്‌ക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, കൊലപാതകമായി കണക്കാക്കാത്ത കുറ്റകരമായ നരഹത്യ എന്നിവയുൾപ്പെടെ ഗുരുതരമായ ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ദുരന്തം നടന്ന യാച്ച് യാത്രയ്ക്കിടെ, സിദ്ധാർഥ് ശർമ്മ നാവികനിൽ നിന്ന് യാച്ചിന്റെ നിയന്ത്രണം ബലമായി പിടിച്ചെടുത്തുവെന്നും അത് കടലിന്റെ നടുവിൽ അപകടകരമായി ആടിയുലഞ്ഞുവെന്നും എല്ലാ യാത്രക്കാരെയും അപകടത്തിലാക്കിയെന്നും ഗോസ്വാമി പറഞ്ഞു. ഗാർഗ് ശ്വാസംമുട്ടി മുങ്ങാൻ തുടങ്ങിയ നിർണായക നിമിഷങ്ങളിൽ, ശർമ്മ “ജബോ ദേ, ജബോ ദേ” (“അവനെ വിടൂ, അവനെ വിടൂ”) എന്ന് വിളിച്ചുപറയുന്നത് കേട്ടതായി ഗോസ്വാമി പറഞ്ഞു.

ശർമ്മയും മഹന്തയും ഗായകന് വിഷം കൊടുത്തിരുന്നുവെന്നും, ഗൂഢാലോചന മറച്ചുവെക്കാൻ സിംഗപ്പൂരിനെ വേദിയായി മനഃപൂർവ്വം തിരഞ്ഞെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. യാച്ചിന്റെ വീഡിയോകൾ ആരുമായും പങ്കിടരുതെന്ന് ശർമ്മ തന്നോട് നിർദ്ദേശിച്ചതായും ഗോസ്വാമി അവകാശപ്പെട്ടു. ചോദ്യം ചെയ്യലിൽ ശർമ്മയും മഹന്തയും ആരോപണങ്ങൾ നിഷേധിച്ചു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ശേഖർ ജ്യോതി നിലവിൽ അസം പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവന്‍റ് മാനേജർ ശ്യാംകാനു മഹന്തക്കെതിരേ അന്വേഷണം വേണമെന്ന് സുബിന്റെ കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇയാൾക്കെതിരായുള്ള അനധികൃത സ്വത്തുസമ്പാദനവും കള്ളപ്പണം വെളുപ്പിക്കലും സംഘടിത കുറ്റകൃത്യങ്ങളിൽ പങ്കാളിയായതുമായി ബന്ധപ്പെട്ട കേസുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം, സുബിന്‍ ഗാര്‍ഗിന്റെ മരണം ഗുവാഹത്തി ഹൈക്കോടതി ജഡ്ജി അന്വേഷിക്കും. ജസ്റ്റിസ് സൗമിത്ര സൈകിയയാണ് അധ്യക്ഷന്‍. സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരമാണ് നടപടി.

സുബീന്റെ മരണശേഷം സുബീന്റെ മാനേജര്‍ സിദ്ധാര്‍ത്ഥ് ശര്‍മ്മയുടെ കുടുംബാംഗങ്ങളെ – അമ്മ, സഹോദരന്‍, സഹോദരി എന്നിവരെ – കാണാനില്ലെന്ന് താമസക്കാര്‍ അവകാശപ്പെട്ടു. ഗായകന്റെ മരണം അന്വേഷിക്കാന്‍ അസം സര്‍ക്കാര്‍ സ്‌പെഷ്യല്‍ ഡിജിപി എം.പി. ഗുപ്തയുടെ നേതൃത്വത്തില്‍ 10 അംഗ എസ്.ഐ.ടി രൂപീകരിച്ചു. നീതി ആവശ്യപ്പെട്ടാണ് അസം സര്‍ക്കാര്‍ 10 അംഗ എസ്.ഐ.ടി രൂപീകരിച്ചത്.

38,000 ഗാനങ്ങൾ ആലപിച്ച സുബീൻ, കഴിഞ്ഞ 19നു സിംഗപ്പൂരിൽ കടലിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിലാണു മരിച്ചത്. 3 ദിവസങ്ങളിലായി ലക്ഷക്കണക്കിനാളുകളാണു സുബീന് അന്ത്യാഞ്ജലി അർപ്പിച്ചു വിലാപയാത്രയിലും മറ്റും പങ്കെടുത്തത്. ആളെണ്ണത്തിൽ, ലോകം കണ്ട നാലാമത്തെ വിലാപയാത്രയായി ഇത് ലിംകബുക്കിൽ ഇടംപിടിച്ചിരുന്നു.