Oddly News

കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യാന്‍ പോകുന്ന സൊമാറ്റോ ജീവനക്കാരന്‍ ; വീഡിയോ വൈറല്‍

കുതിരപ്പുറത്ത് ഫുഡ് ഡെലിവറി ചെയ്യാന്‍ പോകുന്ന ജീവനക്കാരന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സൊമാറ്റോ യൂണിഫോമും ഭക്ഷണത്തിന്റെ ബാഗും ധരിച്ച് ഇയാള്‍ കുതിരപ്പുറത്ത് പോകുന്നതാണ് വീഡിയോയില്‍ ഉള്ളത്. ‘അര്‍ബാസ് ദ ഗ്രേറ്റ്’ എന്ന ഒരു ഉപഭോക്താവാണ് ഈ വീഡിയോ എക്‌സിലൂടെ പങ്കുവെച്ചത്.

ഹെദരാബാദില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചതിനാല്‍ ഇംപീരിയല്‍ ഹോട്ടലിന് സമീപമുള്ള ചഞ്ചല്‍ഗുഡയില്‍ ഒരു സൊമാറ്റോ ഡെലിവറി ബോയ് കുതിരപ്പുറത്ത് ഭക്ഷണം വിതരണം ചെയ്യാന്‍ പോകുന്നു എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് ഇതില്‍ കുറിച്ചിരിക്കുന്നത്. ഹൈദരാബാദില്‍ പെട്രോളിന് ക്ഷാമം നേരിടുമെന്ന അഭ്യൂഹങ്ങള്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസം വലിയ രീതിയിലുള്ള തിരക്കാണ് പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ടത്. ഇതിനെ തുടര്‍ന്ന് കൃത്യസമയത്ത് ഭക്ഷണം വിതരണം ചെയ്യാനാണ് സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍ കുതിരപ്പുറത്ത് പോയത്.

ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ സംബന്ധിച്ച പുതിയ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ പെട്രോള്‍ പമ്പുകളില്‍ ഇന്ധന വിതരണം പ്രതിസന്ധിയിലായിരുന്നു. ഹൈദരാബാദ്, ലഖ്നൗ, മുംബൈ തുടങ്ങിയ നഗരങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. എന്നാല്‍ വീഡിയോയിലുള്ളത് യഥാര്‍ത്ഥ സൊമാറ്റോ ഡെലിവറി ബോയ് തന്നെയാണോ എന്നതും ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി മറ്റാരെങ്കിലും ചെയ്തതാണോ എന്ന കാര്യവും വ്യക്തമല്ല.