Good News

ഇതാകണം റിപ്പോര്‍ട്ടിംഗ്; വെള്ളപ്പൊക്കത്തില്‍ IAF ഹെലികോപ്റ്ററിന്റെ അടിയന്തര ലാന്‍ഡിംഗ്, ദൃശ്യങ്ങളുമായി വ്ളോര്‍

ബീഹാറില്‍ വെള്ളപ്പൊക്കം അതിരൂക്ഷമായി തുടരുകയാണ്. പല സ്ഥലങ്ങളിലും കടുത്ത നാശമാണ് വെള്ളപ്പൊക്കം മൂലം ഉണ്ടായിരിക്കുന്നത്. ഇതിനിടയില്‍ ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്നും പുറത്തുവരുന്ന അപ്രതീക്ഷിതമായ ഒരു നിമിഷത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്., വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (IAF) ഹെലികോപ്റ്റര്‍ ഔറായ് ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് അടിയന്തര ലാന്‍ഡിംഗ് നടത്തിയതിന്റെ ദൃശ്യങ്ങളായിരുന്നു ഇത്.

വെള്ളത്തില്‍ ഭാഗികമായി മുങ്ങിയ ഹെലികോപ്റ്ററിന്റെ വീഡിയോ ദൃശ്യം രാജ്യത്തിന്റെ പലഭാഗത്തുനിന്നുമുള്ള ആളുകള്‍ ഏറെ കൗതുകത്തോടെയാണ് നോക്കി കണ്ടത്.

എന്നാല്‍ ഹെലികോപ്റ്ററിന്റെ എമര്‍ജന്‍സി ലാന്‍ഡിംഗ് മാത്രമായിരുന്നില്ല കാഴ്ചക്കാരെ അമ്പരപ്പിച്ചത്. ഇതെല്ലാം ലൈവായി സ്‌പോട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു യൂട്യൂബ് വ്‌ലോഗ്ഗര്‍ ആണ് കാണികളുടെ മനം കവര്‍ന്നത്. മുകേഷ് ജോഷി എന്ന പ്രാദേശിക യൂട്യൂബറാണ് ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് സംഭസ്ഥലത്തു നിന്ന് ലൈവ് റിപ്പോര്‍ട്ടിങ് ചെയ്തതിലൂടെ കാണികളുടെ പ്രശംസ ഏറ്റുവാങ്ങിയത്.

വൈറലാകുന്ന ദൃശ്യങ്ങളില്‍ ഹെലികോപ്റ്ററിന്റെ ലാന്‍ഡിംഗ് സൈറ്റിലേക്ക് ഓടിയെത്തുന്ന ജോഷിയെയാണ് കാണുന്നത്. തുടര്‍ന്ന് ഇയാള്‍ വെള്ളത്തില്‍ മുട്ടോളം നിന്നുകൊണ്ട് തന്റെ പിന്നില്‍ ലാന്‍ഡുചെയ്യുന്ന ഹെലികോപ്ടറിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയാണ്. IAF ഉദ്യോഗസ്ഥരെ സഹായിച്ച പ്രാദേശിക ഗ്രാമീണരുമായി ആശയവിനിമയം നടത്തുന്ന അദ്ദേഹത്തിന്റെ സജീവവും വിശദവുമായ റിപ്പോര്‍ട്ടിംഗ് ശൈലി ഓണ്‍ലൈനില്‍ വ്യാപകമായ പ്രശംസ ഏറ്റുവാങ്ങി.

അതേസമയം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ക്കിടയിലും നിയന്ത്രിത ലാന്‍ഡിംഗ് നടത്താന്‍ പൈലറ്റുമാര്‍ക്ക് സുരക്ഷിതമായ സ്ഥലം കണ്ടെത്താന്‍ വേണ്ടിയുള്ള ഗ്രാമീണരുടെ പരിശ്രമവും സഹായവും മുകേഷ് തന്റെ വീഡിയോയില്‍ എടുത്തുകാണിച്ചു. വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഒരു ഗ്രാമവാസിയുടെ ‘ഞങ്ങളുടെ സൈനികരെ രക്ഷിക്കാന്‍ ഞാന്‍ എപ്പോഴും എന്റെ ജീവന്‍ പണയപ്പെടുത്തും.’ എന്ന വാക്കുകള്‍ കാഴ്ചക്കാരുടെ ഹൃദയം കീഴടക്കി. , ഇതോടെ നിരവധി ആളുകള്‍ സായുധ സേനയ്ക്കു പിന്തുണ അറിയിച്ച് രംഗത്തെത്തി.

മുകേഷിന്റെ വീഡിയോ ഇതിനോടകം ഒമ്പത് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി ആളുകള്‍ മുകേഷിന്റെ സമര്‍പ്പണത്തെയും പ്രാദേശിക ഗ്രാമീണരുടെ ധൈര്യത്തെയും പ്രശംസിച്ച് രംഗത്തെത്തി. . ഒരു ഉപയോക്താവ് കുറിച്ചത് , ‘ഇത് ഏറ്റവും മികച്ച പത്രപ്രവര്‍ത്തനമാണ്. യുവ റിപ്പോര്‍ട്ടര്‍ക്കും ധീരരായ ഗ്രാമീണര്‍ക്കും അഭിനന്ദനങ്ങള്‍!’ എന്നാണ്.

രണ്ട് പൈലറ്റുമാരുള്‍പ്പെടെ മൂന്ന് ജീവനക്കാരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് ഹെലികോപ്റ്ററിലെ എല്ലാ ജീവനെക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി സീനിയര്‍ പോലീസ് സൂപ്രണ്ട് രാകേഷ് കുമാര്‍ സ്ഥിരീകരിച്ചു, ‘ഔറായ് ബ്ലോക്കിലെ വെള്ളക്കെട്ടുള്ള പ്രദേശത്ത് ഹെലികോപ്റ്റര്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. യാത്രക്കാരെല്ലാം IAF ഉദ്യോഗസ്ഥരായിരുന്നു, അധികാരികള്‍ സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ അവരെ പുറത്തെത്തിച്ചിരുന്നു” അദ്ദേഹം വ്യകതമാക്കി.