ലക്നൗ ∙ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നതായി യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിവരം മെറ്റയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഭാദോഗിയിലാണ് സംഭവം.
വ്യാഴാഴ്ച രാത്രിയാണ് ഔറൈ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് താമസക്കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. ‘‘എന്റെ പ്രിയേ, എന്നോട് ക്ഷമിക്കൂ, മരിക്കുന്നതിന് മുൻപുള്ള എന്റെ അവസാന പ്രതീക്ഷയാണ്. ഞാൻ മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി പ്രാർഥിക്കണം. ഇന്ന് ഞാൻ 50 ഉറക്ക ഗുളികകൾ കഴിച്ചു, ഞാൻ മരിച്ചാലും വിഷമിക്കരുത്’’, യുവാവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിൽ പറയുന്നു.
വ്യാഴാഴ്ച രാത്രി 11.15 മണിക്ക് പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെന്ററിലേക്ക് യുവാവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സംബന്ധിച്ച് മെയിൽ ലഭിച്ചു. ഉടനെ പൊലീസ് ആസ്ഥാനത്തെ സോഷ്യൽ മീഡിയ സെന്റർ യുവാവിന്റെ സഥലം കണ്ടെത്തി ഭാദോഹി പൊലീസിനെ വിവരം അറിയിച്ചു. ഔറൈ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു സംഘം ഏഴ് മിനിറ്റിനുള്ളിൽ യുവാവിന്റെ വീട്ടിലെത്തി.
കട്ടിലിൽ ഛർദിച്ച് അവശനായ നിലയാണ് യുവാവിനെ കണ്ടെത്തിയത്. തുടർന്ന് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പൊലീസ് ചോദ്യം ചെയ്തപ്പോൾ വീട്ടുകാർ മോട്ടർസൈക്കിൽ വാങ്ങി നൽകാത്തതിനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു. ഇയാളെ കൗൺസിലിങ്ങിന് അയച്ചു.




