Crime

‘പാതിരാത്രിയില്‍ എന്റേതാകുമോ’; കൂടെ കിടക്കണമെന്ന് സുഹൈല്‍; ജീവനൊടുക്കും മുന്‍പ് പരാതി

യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരിയുടെ മാനസികവും ശാരീരികവുമായ പീഡനത്തെത്തുടർന്ന് പത്തനംതിട്ട കടമ്പനാട് സ്വദേശിയായ മുപ്പത്തിയഞ്ചുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത്.

ഏഴര വർഷമായി താൻ ജോലി ചെയ്തിരുന്ന സ്കൂളിലെ പ്രിൻസിപ്പാളിന് മരിക്കുന്നതിന് മുൻപ് യുവതി പരാതി നൽകിയിരുന്നു. മൂന്നുമാസം മുൻപ് സ്കൂളിൽ പിആർഒ ആയി എത്തിയ സുഹൈൽ അൻസാരി, അർധരാത്രിയിൽ അശ്ലീല സന്ദേശങ്ങൾ അയച്ചും ശാരീരിക ബന്ധത്തിന് നിർബന്ധിച്ചും തന്നെ നിരന്തരം ശല്യം ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.

സുഹൈല്‍ അന്‍സാരി വാട്സാപ്പിലൂടെ നിരന്തരം സന്ദേശം അയച്ചെന്നാണ് യുവതി സ്കൂള്‍ പ്രിന്‍സിപ്പാളിന് നല്‍കിയ പരാതിയിലുള്ളത്. സുഹൈല്‍ അന്‍സാരി ‘പാതിരാത്രിയില്‍ എന്‍റേതാകുമോ’ എന്ന് ചോദിച്ച് മെസേജ് അയക്കുകയും കൂടെ കിടക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തതായി പരാതിയിലുണ്ട്. സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങള്‍ അയക്കണമെന്നും പതിവായി ആവശ്യപ്പെടാറുണ്ട്. ഇക്കാര്യം അന്വേഷിച്ച് നടപടി എടുക്കണം എന്നായിരുന്നു ആവശ്യം.

ഈ മാസം 14-ന് ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യാക്കുറിപ്പിലും സുഹൈൽ അൻസാരിയുടെ പേരാണുള്ളത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ജോലി രാജിവെച്ചിരുന്ന യുവതിയുടെ കുടുംബത്തിൽ, സുഹൈലുമായുള്ള ബന്ധത്തെച്ചൊല്ലി തർക്കങ്ങൾ നിലനിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഇരുവരും തമ്മിലുള്ള പ്രണയബന്ധം യുവതിയുടെ ഭര്‍ത്താവ് അറിഞ്ഞതോടെ കുടുംബത്തില്‍ വലിയ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെയായിരുന്നു യുവതി ജീവനൊടുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *