Oddly News

തോളുവേദനയ്ക്ക് മസാജ് ചെയ്തു ; കോമയിലായ തായ് ഗായിക മരണത്തിന് കീഴടങ്ങി

കഴുത്തില്‍ മസാജ് ചെയ്തതിനെ തുടര്‍ന്ന് തായ്‌ലന്റില്‍ ഗായിക മരണമടഞ്ഞു. തായ്‌ലന്റില്‍ അനേകം ആരാധകരുള്ള യുവ ഗായിക ഫിംഗ് ച്യാഡയാണ് മരണമടഞ്ഞത്. സ്വന്തം നഗരത്തിലെ ഒരു സ്റ്റുഡിയോയില്‍ കഴുത്ത് മസാജ് ചെയ്തതുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ മൂലം മരണപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഉഡോണ്‍ താനിയില്‍ നിന്നുള്ള യുവഗായികയുടെ ദാരുണമായ മരണത്തെത്തുടര്‍ന്ന് തായ്ലന്‍ഡിലെ ഡോക്ടര്‍മാര്‍ കഴുത്ത് വളച്ചൊടിക്കുന്ന മസാജ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിത്തുടങ്ങി.

ചിയാഡയുടെ അമ്മ പറയുന്നതനുസരിച്ച്, കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് അവള്‍ക്ക് തോളില്‍ വേദനയുണ്ടായി. ആശുപത്രിയില്‍ പോകുന്നതിനു പകരം ഗായിക ഒരു പ്രാദേശിക മസാജ് സ്റ്റുഡിയോയിലേക്കാണ് പോയത്. മസാജുകള്‍ ഇഷ്ടപ്പെട്ടിരുന്ന തിനാല്‍ വേദന ഒഴിവാക്കാനുള്ള നല്ലൊരു വഴിയായി കരുതി. കഴുത്ത് വളച്ചൊടിക്കുന്ന മസാജ് സെഷന്‍ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, യുവതിക്ക് കഴുത്തിലും വേദന അനുഭവപ്പെടാന്‍ തുടങ്ങി, അവിടെ നിന്ന് കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

ച്യാഡയുടെ വേദന കൂടുതല്‍ വഷളായി, വേദനസംഹാരികള്‍ കഴിക്കാന്‍ തുടങ്ങി. ഒരാഴ്ച കഴിഞ്ഞ്, വലതു കൈ മരവിച്ചു തുടങ്ങി. പക്ഷേ ആശുപത്രിയില്‍ പോകുന്നതിനുപകരം മറ്റൊരു സെഷനുവേണ്ടി മസാജ് സ്റ്റുഡിയോയിലേക്ക് തന്നെ പോകുകയാണ് അവര്‍ ചെയ്തത്. രണ്ടാഴ്ച കൂടി കഴിഞ്ഞപ്പോള്‍, കഴുത്തിലെ വേദന അസഹനീയമായിത്തീര്‍ന്നു. ച്യാഡയ്ക്ക് കട്ടിലില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാതായി. എന്നിട്ടും, വേദന മസാജിന്റെ ഒരു പാര്‍ശ്വഫലം മാത്രമാണെന്ന് കരുതി മൂന്നാമതും മസാജ് സ്റ്റുഡിയോയിലേക്ക് പോയി.

ഇത്തവണ അവള്‍ക്ക് അല്‍പ്പം കൂടി പരുക്കന്‍ മസാജ് ലഭിച്ചു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. താമസിയാതെ അവളുടെ വിരല്‍ത്തുമ്പില്‍ ഒരു നീറ്റല്‍ അനുഭവപ്പെടാന്‍ തുടങ്ങി. പിന്നീട് കൈയിലെ മരവിപ്പ് നെഞ്ചിലേക്കും വലതുകാലിലേക്കും വ്യാപിച്ചു. അധികം താമസിയാതെ അവളുടെ വലതുവശം മുഴുവന്‍ സ്പര്‍ശനം ഇല്ലാതായി.

‘ഇപ്പോള്‍, എനിക്ക് എന്റെ ശരീരത്തിന്റെ പകുതി ഉപയോഗിക്കാന്‍ കഴിയില്ല,” ഫിംഗ് ഫേസ്ബുക്കില്‍ കുറിച്ചു. ”പലരും എന്നോട് ചോദിച്ചതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് ഇത് പറയുന്നത്. മസാജ് ഇഷ്ടപ്പെടുന്ന ആര്‍ക്കും ഇതൊരു പാഠമായി വിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ സുഖം പ്രാപിക്കും. ഞാന്‍ വളരെ വേദനയിലാണ്. എനിക്ക് ഇപ്പോള്‍ ജോലി ചെയ്യാന്‍ ആഗ്രഹമുണ്ട്, എന്നാല്‍ ശരിയായ സമയത്തിനായി കാത്തിരിക്കുകയാണ്. അവസാനം വരെ വായിച്ചതിന് നന്ദി. എനിക്ക് ചാറ്റുകള്‍ക്ക് മറുപടി നല്‍കണം, എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് മറുപടി നല്‍കണം, പക്ഷേ എനിക്ക് കഴിയില്ല. ഞാന്‍ കിടപ്പിലാണ്, എന്നെത്തന്നെ സഹായിക്കാന്‍ കഴിയുന്നില്ല. എല്ലാവര്‍ക്കും നന്ദി.” അവര്‍ കുറിച്ചു.

ഒടുവില്‍ ഗായിക മരിച്ചെന്നാണ് ഇന്നലെ, പ്രശസ്ത തായ് ഫേസ്ബുക്ക് പേജ് ഡ്രാമ അഡിക്റ്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടതോടെയാണ് ആരാധകര്‍ ശരിക്കും ഞെട്ടിയത്. കഴുത്തിലെ ക്ഷതങ്ങളുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളെ തുടര്‍ന്ന് കോമയിലേക്ക് വീഴുകയും പിന്നാലെ മരണമടഞ്ഞെന്നും സന്ദേശത്തില്‍ പറഞ്ഞു. കഴുത്തില്‍ ഹെര്‍ണിയേറ്റഡ് ഡിസ്‌ക് ഉണ്ടെന്ന് ഡോക്ടര്‍മാര്‍ മനസ്സിലാക്കിയപ്പോഴേക്കും ഏറെ വൈകിപ്പോയിരുന്നു.