Oddly News

ഒരു പണിയുമില്ല… ഭാര്യയുടെ ചെലവില്‍ ജീവിക്കുന്നു… എന്നാലും ഈ ചൈനാക്കാരന്‍ വൈറലാണ്…!

ഒരു പണിയുമില്ലാതെ ഭാര്യയുടെ ചെലവില്‍ ജീവിക്കുന്ന ചൈനാക്കാരന്‍ ഓണ്‍ലൈനില്‍ ശ്രദ്ധനേടുന്നു. ‘സഡന്‍ ഫാന്റസി’ എന്ന പേരില്‍ മാത്രം അറിയപ്പെടുന്ന ഒരു ചൈനക്കാരന്‍ പണമില്ലാതെയും ജോലിയില്ലാതെയും എങ്ങിനെ ജീവിക്കാം എന്ന കാര്യത്തിലുള്ള തന്റെ ലൈഫ് സ്‌റ്റൈല്‍ വെളിപ്പെടുത്തി ഓണ്‍ലൈനില്‍ വളരെയധികം ശ്രദ്ധ നേടുകയാണ്.

സഡന്‍ ഫാന്റസി ഏകദേശം ഒരു മാസം മുമ്പ് ഡൗയിനില്‍ (ടിക് ടോക്കിന്റെ ചൈനീസ് പതിപ്പ്) വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. വളരെവേഗം ജനപ്രിയത നേടിയ അദ്ദേഹം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ 1.4 ദശലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ് സമ്പാദിച്ചത്. ജപ്പാനിലാണ് ഇയാള്‍ താമസിക്കുന്നത്. സാമ്പത്തികത്തിനായി ഭാര്യയെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഇയാളുടെ ജീവിതമാണ് ഇയാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. എട്ടുവര്‍ഷം മുമ്പാണ് ഇയാള്‍ ജപ്പാനിലേക്ക് മാറിയത്.

അവിടെ വെച്ച് പരിചയപ്പെട്ട ഫെങ്ഹുവ എന്ന നാട്ടുകാരിയാണ് സഡന്‍ ഫാന്റസിയുടെ ഭാര്യ. ജപ്പാനില്‍ തൊഴില്‍ കണ്ടെത്താനാകാതെ ദുരിതത്തിലായി പോയ ഇയാള്‍ ഫെങ്ഹുവയുമായി പരിചയപ്പെടുകയും ഡേറ്റിംഗില്‍ ആകുകയുമായിരുന്നു. ഫെങ്ഹുവ ആവശ്യം വന്നപ്പോഴെല്ലാം സഡന്‍ഫാന്റസിയെ കാര്യമായി തന്നെ സഹായിച്ചു. ഭക്ഷണം മേശപ്പുറത്ത് വയ്ക്കാനും അവന്റെ ട്യൂഷന്‍ കവര്‍ ചെയ്യാനും സഹായം ആവശ്യമുള്ളപ്പോഴെല്ലാം അവര്‍ അയാള്‍ക്കൊപ്പം ഉണ്ടായി. ഒടുവില്‍ അവര്‍ അയാളുടെ ഭാര്യയുമായി.

വിദ്യാസമ്പന്നനും സമ്പത്തുള്ള കുടുംബത്തില്‍ നിന്നുള്ളയാളുമാണെങ്കിലും വീഡിയോ ഗെയിമുകള്‍ കളിക്കുന്നതാണ് സഡന്‍ഫാന്റസിയുടെ ഇഷ്ടം. ഇതാകട്ടെ ഫെങ്ഹുവയ്ക്ക് ഒരു പ്രശ്‌നവുമില്ല. വിവാഹിതരായ കാലം മുതല്‍ കുടുംബത്തിന്റെ പ്രധാന വരുമാനം ഫെങ്ഹുവ ആണെന്ന് ചൈനാക്കാരന്‍ തന്നെ ഫോളോവേഴ്‌സിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണമായും വീടിന്റെ കാവല്‍ക്കാരനായി മാറിയ ചൈനാക്കാരന്‍ ഭാര്യയെ പൂര്‍ണ്ണമായും ആശ്രയിക്കാന്‍ തുടങ്ങി. ബില്ലുകളും ചെലവുകളും അവള്‍ ശ്രദ്ധിക്കുമ്പോള്‍ അയാള്‍ വീട്ടില്‍ ഇരുന്ന് വീഡിയോ ഗെയിമുകള്‍ കളിക്കുകയും ഫെങ്ഹുവ സുഖകരമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.

ഭര്‍ത്താവ് സുഖമായിരിക്കുന്നെന്ന് ഉറപ്പാക്കാനും ദൈനംദിനം ചെലവുകള്‍ക്കുമായി ഭാര്യ 260,000 യെന്‍ ഒരു ഭരണിയില്‍ ഇട്ടു കൊടുത്തിരിക്കുകയാണ്. ഈ പണത്തിന് പകരം, അവളോട് സഹവസിച്ചും വാത്സല്യം പ്രകടിപ്പിച്ചും അവന്‍ തന്റെ നന്ദി പ്രകടിപ്പിക്കുന്നു.

വാരാന്ത്യങ്ങളില്‍, സഡന്‍ ഫാന്റസി ഏകദേശം 7 മണിക്ക് എഴുന്നേല്‍ക്കും, പക്ഷേ ഉച്ച വരെ കിടക്കും, ഫെങ്ഹുവ ഉണര്‍ന്ന് വൈകുന്നേരം 3 മണി വരെ അവള്‍ ഫോണിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ അയാള്‍ അവര്‍ക്ക് കമ്പനി കൊടുക്കും. ഫെങ്ഹുവ വീട്ടുജോലികള്‍ ചെയ്യുമ്പോള്‍, സഡന്‍ ഫാന്റസി എപ്പോഴും അവളുടെ അടുത്തിരിക്കും. സഹായം ആവശ്യമുണ്ടെങ്കില്‍ ചെയ്തു കൊടുക്കും. ബാത്ത്‌റൂമിലെ ഈര്‍പ്പം ഇഷ്ടമല്ലാത്തതിനാല്‍ ഭാര്യയെ ആദ്യം ബാത്ത്റൂം ഉപയോഗിക്കാന്‍ അനുവദിക്കും.

പുരുഷനെ കുടുംബത്തിന്റെ തലവനായും പ്രധാന അത്താണിയായും കണക്കാക്കുന്ന രാജ്യമെന്ന നിലയില്‍ ജപ്പാന്‍ വെറുതേയിരിക്കുക എന്ന ആശയം സാധാരണയായി വെറുക്കുന്ന രാജ്യമാണ്. അതേസമയം തന്റെ പദവിയെക്കുറിച്ചുള്ള ഈ തുറന്നുപറച്ചിലാണ് സഡന്‍ഫാന്റസിക്ക് ഓണ്‍ലൈനില്‍ ആരാധകരെ നേടിക്കൊടുത്തത്. പലരും ഇത് പ്രചോദനം നല്‍കുന്നതായി കണക്കാക്കുന്നു. വൈകാരികമായി പിന്തുണയ്ക്കുന്ന ഒരു പങ്കാളിയെ ലഭിക്കുന്നത് ഭാഗ്യമാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.