ഉത്തർപ്രദേശിലെ അലിഗഢിലുള്ള ഭിലാവലി ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് പറക്കുന്ന ഒരു യുദ്ധവിമാന മാതൃക നിർമ്മിച്ച് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. എഫ്-22 റാപ്റ്റർ എന്ന യുദ്ധവിമാനത്തിന്റെ ഈ മാതൃക നിർമ്മിക്കാൻ തെർമോക്കോളും മറ്റ് ലളിതമായ വസ്തുക്കളും മാത്രമാണ് കുട്ടികൾ ഉപയോഗിച്ചത്. ഏകദേശം 6,000 രൂപ മാത്രമാണ് ഇതിന്റെ നിർമ്മാണ ചെലവ്.
നാല് മുതൽ എട്ട് വരെ ക്ലാസുകളിലെ അഞ്ച് വിദ്യാർത്ഥികൾ ചേർന്ന് തങ്ങളുടെ അധ്യാപകനായ ആശിഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഈ പ്രോജക്റ്റ് പൂർത്തിയാക്കിയത്. റിമോട്ട് കൺട്രോൾ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഈ വിമാനത്തിന് ഒന്നര കിലോമീറ്റർ ദൂരം വരെ പറക്കാൻ സാധിക്കും. ‘റോബോട്ടിക്സ് കി പാഠശാല 2026’ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ പ്രവർത്തനം. പ്രാൻഷി കുമാരി, ആഷി, ഹൃദേഷ് കുമാർ, രഞ്ജന കുമാരി, കാർത്തിക് ശർമ്മ എന്നീ വിദ്യാർത്ഥികൾ കമ്പ്യൂട്ടർ സിമുലേറ്റർ ഉപയോഗിച്ച് പരിശീലനം നേടിയ ശേഷമാണ് വിമാനം വിജയകരമായി ആകാശത്ത് പറത്തിയത്.
പഴയ മോട്ടോറുകൾ, കളിപ്പാട്ട കാറുകൾ, വയറുകൾ, പ്ലാസ്റ്റിക് പാത്രങ്ങൾ തുടങ്ങിയ പാഴ്വസ്തുക്കൾ ഉപയോഗിച്ച് റോബോട്ടുകളും ഡ്രോണുകളും നിർമ്മിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു റോബോട്ടിക്സ് ലേണിംഗ് സെന്ററായി ഈ സ്കൂൾ മാറിയിരിക്കുകയാണ്. അലിഗഢ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ വിമാനത്തിന് വലിയ പ്രശംസയാണ് ലഭിച്ചത്. ഈ നേട്ടം ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂൾ കുട്ടികളുടെ കഴിവിനെയാണ് വ്യക്തമാക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുട്ടികൾ വിമാനം പറത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. സ്വകാര്യ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളെക്കാൾ മികച്ച രീതിയിലാണ് ഈ കൊച്ചു മിടുക്കർ വിമാനം നിർമ്മിച്ചതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇത്തരം പരീക്ഷണങ്ങൾ രാജ്യത്തെ എല്ലാ സർക്കാർ സ്കൂളുകളിലും പ്രോത്സാഹിപ്പിക്കണമെന്നും ഈ കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകാൻ അധികൃതർ തയ്യാറാകണമെന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആവശ്യപ്പെടുന്നു.




