Travel

ചൈനയിലെ ശുദ്ധജല തടാകത്തിന്റെ വിരിമാറിലൂടെ ഒരു റോഡ്; മഴക്കാലത്ത് വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തും

ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പോയാങ്. ഇതിന്റെ വിരിമാറിലൂടെ പോകുന്ന യോങ്വു റോഡ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നാണ്. പ്രത്യേകിച്ചും എല്ലാ വര്‍ഷവും മഴക്കാലത്ത്. അതുല്യമായ ദൃശ്യാനുഭവവും വെള്ളപ്പൊക്കത്തിന്റെ എല്ലാ രസങ്ങളും ഒരുമിച്ച് ചേരുന്ന വിനോദസഞ്ചാരമായി മാറുന്നതാണ് ഇതിന് കാരണം. പ്രളയകാലത്ത് പൊയാങ് തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍ ഉറപ്പുള്ളതും മിനുസമാര്‍ന്നതുമായ ഈ റോഡ് ജലനിരപ്പിന് താഴെയാകും. ഈ സമയത്ത് ഇവിടുത്തെ ഡ്രൈവിംഗ് മറ്റൊരനുഭവമാണ്.

ചൈനയിലെ ഏറ്റവും പഴയ ടൗണ്‍ഷിപ്പുകളിലൊന്നായ വുചെങ്ങിനെ അയല്‍പക്കത്തെ ടൗണ്‍ഷിപ്പുകളുമായും കൗണ്ടികളുമായും ബന്ധിപ്പിക്കു ന്ന ഏക റോഡാണ് യോങ്വു റോഡ്. എക്‌സ് 219 കൗണ്ടി റോഡിന്റെ ഭാഗമായി, ചൈനയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ പോയാങ് തടാകത്തിലൂടെയാണ് ഈ 5.05 കിലോമീറ്റര്‍ നീളുന്ന റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. മഴക്കാലത്ത് ചുറ്റുമുള്ള തടാകത്തിന്റെ നിരപ്പ് ഏകദേശം 18.6 മീറ്ററിലെത്തുമ്പോള്‍, വെള്ളം റോഡിലേക്ക് കയറും. അത് യോങ്വു റോഡിനെ ഏറ്റവും മനോഹരമായ റോഡ് ആക്കി മാറ്റും.

അതേസമയം തന്നെ ഇത് എപ്പോഴും തുറന്നിരിക്കില്ല. സമയബന്ധിതമായി അധികൃതര്‍ റോഡ് അടയ്ക്കാറുണ്ട്. അതേസമയം ജലനിരപ്പ് 19 മീറ്റര്‍ പരിധിയില്‍ എത്തിയാല്‍ സുരക്ഷാ മുന്നറിയിപ്പിന്റെ ഭാഗമായി ട്രാഫിക് അടയ്ക്കാന്‍ പ്രാദേശിക അധികാരികള്‍ നിര്‍ബ്ബന്ധിതമാകും. ജലനിരപ്പ് സാധാരണ നിലയിലേക്ക് താഴുന്നത് വരെ യോങ്വു റോഡ് അടച്ചിടും. കഴിഞ്ഞ വര്‍ഷം ആഗസ്ത് 8 ന് റോഡ് തുറന്നപ്പോള്‍ 8,000 ത്തിലധികം വാഹനങ്ങളാണ് ഇതുവഴി കടന്നുപോയത്. ഇത് വലിയ ഗതാഗതക്കുരുക്കിനും കാരണമായി.

2013-ലാണ് യോങ്വു റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. അതേസമയം ചുറ്റുമുള്ള തടാകം ഏറെ ആഴം നിറഞ്ഞതായതിനാല്‍ അപകടസാധ്യതകള്‍ ഈ റോഡില്‍ ഏറെയാണ്. എന്നിരുന്നാലും റോഡ് തുറന്നിട്ട് ഇതുവരെ ഗുരുതരമായ അപകടം നടന്നതായി റിപ്പോര്‍ട്ടുകളില്ല. റോഡിന്റെ ഇരുവശത്തുമുള്ള ഗാര്‍ഡ് റെയിലുകള്‍ കാറുകള്‍ ആഴത്തിലുള്ള തടാകത്തിലേക്ക് വീഴാതെ സംരക്ഷിക്കും. എന്നിരുന്നാലും വിദഗ്ദ്ധരായ ഡ്രൈവര്‍മാര്‍ വരെ അവരുടെ ഡ്രൈവിംഗ് വേഗത റോഡിന്റെ അവസ്ഥയുമായി പൊരുത്തപ്പെടുന്ന രീതിയിലാക്കിയാണ് ഓടിക്കാറ്.

Leave a Reply

Your email address will not be published. Required fields are marked *