Sports

യശ്വസ്വീ ജെയ്‌സ്വാളിന്റെ നായികയെ കണ്ടെത്തി ; ബ്രിട്ടീഷ് യുവതി മാഡി ഹാമില്‍ട്ടണുമായി ഇന്‍സ്റ്റാഗ്രാം പോസ്റ്റ്

ആഭ്യന്തരക്രിക്കറ്റില്‍ മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള മാറ്റവും ഐപിഎല്ലിലെ മോശം ഫോമുമൊക്കെയായി യുവ ക്രിക്കറ്റര്‍ യശ്വസ്വീ ജെയ്‌സ്വാള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. പിന്നാലെ താരത്തിന്റെ നായികയെയും മാധ്യമങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷമായി ജെയ്‌സ്വാള്‍ ഡേറ്റിംഗിലായ ബ്രിട്ടീഷ് പെണ്‍കുട്ടി മാഡി ഹാമില്‍ട്ടണാണ് പുതിയ സെന്‍സേഷന്‍.

പുതിയ ഡേറ്റിംഗ് കിംവദന്തികള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് യശസ്വി ജയ്സ്വാളിന്റെ പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വൈറലായിട്ടുണ്ട്. ജയ്‌സ്വാ ള്‍ മാഡിക്കും അവളുടെ സഹോദരന്‍ ഹെന്റി ഹാമില്‍ട്ടനുമൊപ്പമുള്ള ഒരു ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. ‘സമയം കടന്നുപോകാം, പക്ഷേ ബന്ധങ്ങള്‍ ഒരിക്കലും മങ്ങുന്നില്ല, ഇതുപോലുള്ള നിമിഷങ്ങള്‍ക്ക് നന്ദി.’ എന്നാണ് ചിത്രത്തിന് താരം നല്‍കിയിരിക്കുന്ന അടിക്കുറിപ്പ്.

പോസ്റ്റ് വൈറലായതോടെ, ജെയ്സ്വാളിന്റെയും മാഡിയുടെയും റിലേഷന്‍ഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് ആരാധകര്‍ ഊഹാപോഹം തുടങ്ങി. മാഡിയുമായി താരം ഡേറ്റിംഗ് നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ച് നാളുകളായി പ്രചരിക്കുന്നുണ്ട്. ജയ്സ്വാള്‍ കളിക്കുന്ന സ്‌റ്റേഡിയങ്ങളില്‍ താരത്തിന് വേണ്ടി ആര്‍പ്പുവിളിക്കുന്ന മാഡിയെ പതിവായി കാണുന്നുണ്ട്. ഇത് ബന്ധത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടി. യുകെ ആസ്ഥാനമായുള്ള വിദ്യാര്‍ത്ഥിയായ മാഡിയും ജയ്സ്വാളും മൂന്ന് വര്‍ഷമായി പ്രണയത്തിലാണെന്നാണ് അഭ്യൂഹം.

അതേസമയം ഐപിഎല്ലില്‍ താരത്തിന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ്ങിന്റെ നെടുംതൂണുകളില്‍ ഒരാളാണ് അദ്ദേഹം, എന്നിരുന്നാലും, രാജസ്ഥാന്‍ റോയല്‍സ് കളിച്ച മൂന്ന് മത്സരങ്ങളില്‍ അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്ന് കാര്യമായി റണ്‍സ് ഒഴുകിയില്ല. അതില്‍ കെകെആറിനെതിരെ എടുത്ത 29 റണ്‍സ് മാത്രമാണ് വ്യത്യസ്തം.

എസ്ആര്‍എച്ചിനെതിരായ ആദ്യ മത്സരത്തില്‍ ഒരു റണ്‍ നേടി. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ജയ്സ്വാള്‍ നാല് റണ്‍സിന് പുറത്തായിരുന്നു. മൂന്ന് മത്സരങ്ങളില്‍ രണ്ടിലും തോറ്റ ടീം ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. പഞ്ചാബ് കിംഗ്സിനെതിരേയാണ് റോയല്‍സിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ താരം ഫോം കണ്ടെത്തുമെന്നാണ് കരുതുന്നത്.