Featured Sports

പ്രായംകുറഞ്ഞ മൂന്നാമന്‍; ജെയ്‌സ്വാളിന്റെ ഇരട്ടശതകം കൊണ്ടുവന്നത് അനേകം നേട്ടങ്ങള്‍

ഇംഗ്‌ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഉജ്വലമായ ഇരട്ടശതകം നേടി യശ്വസ്വീ ജെയ്‌സ്വാള്‍ ഇന്ത്യയെ മുമ്പോട്ട് നയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 200 റണ്‍സ് നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍മാരുടെ ഒരു എലൈറ്റ് ഗ്രൂപ്പില്‍ പ്രവേശിച്ച ജെയ്‌സ്വാള്‍ ഒട്ടേറെ റെക്കോഡുകളാണ് പേരിലാക്കിയത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ടശതകം നേടുന്നയാള്‍, ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെയാള്‍ തുടങ്ങിയ നേട്ടങ്ങളും യുവതാരത്തിന്റെ പട്ടികയില്‍ എത്തി.

ശിഖര്‍ധവാന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ ഇടംകയ്യന്‍ ഓപ്പണറാണ് ജെയ്‌സ്വാള്‍. ഗൗതം ഗംഭീറിന് ശേഷം ടെസ്റ്റില്‍ ടെസ്റ്റില്‍ ഇരട്ടനേട്ടം കൊയ്യുന്ന ആദ്യ ഇടംകൈയ്യന്‍ ബാറ്റ്സ് കൂടിയാണ് ജയ്സ്വാള്‍. ഗംഭീറിന് പുറമെ ഇന്ത്യയില്‍ നിന്ന് ഇരട്ടശതകം കൊയ്ത മറ്റ് രണ്ട് ഇടംകൈയ്യന്‍മാര്‍ – മുന്‍താരങ്ങളായ വിനോദ്കാംബ്ലി (രണ്ട് തവണ), മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി (ഒരിക്കല്‍)യുമാണ്. ഗൗതംഗംഭീര്‍ 2008ല്‍ ഓസ്ട്രേലിയക്കെതിരെ ആയിരുന്നു 206 റണ്‍സ് നേട്ടം ഉണ്ടാക്കിയത്. 2019 നവംബറിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയ യശസ്വി ജയ്സ്വാള്‍ സുനില്‍ ഗവാസ്‌കറിനും വിനോദ് കാംബ്ലിക്കും ശേഷം ഈ നാഴികക്കല്ലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യക്കാരനാണ്.

ശനിയാഴ്ച വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു യശസ്വി ജയ്സ്വാള്‍ തന്റെ കന്നി ഡബിള്‍ സെഞ്ച്വറി രേഖപ്പെടുത്തിയത്. 290 പന്തുകളില്‍ 209 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ 19 ബൗണ്ടറികളും ഏഴു സിക്‌സറുകളുമാണ് പായിച്ചത്. ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ആന്‍ഡേഴ്‌സന്റെ പന്തില്‍ ബെയര്‍സ്‌റ്റോ പിടിച്ചായിരുന്നു ഇന്നിംഗ്‌സ് അവസാനിച്ചത്.

ആക്രമിച്ച് കളിക്കുന്ന ജയ്സ്വാള്‍ മറുവശത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണിട്ടും മികച്ച സംയമനം കാണിച്ചു, 277 പന്തില്‍ 200 ലെത്തി. ഇന്നിംഗ്സിന്റെ നൂറാം ഓവറില്‍ ക്രീസ് വിട്ടിറങ്ങി പറത്തിയ സിക്‌സറിലൂടെയാണ് ജെയ്‌സ്വാള്‍ തന്റെ സെഞ്ച്വറിനേട്ടത്തില്‍ എത്തിയത്. അതുപോലെ ബൗണ്ടറിയടിച്ച് 200 ലും എത്തി. മായങ്ക് അഗര്‍വാളിന് ശേഷം (നവംബര്‍ 2019) ഗെയിമിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ ഡബിള്‍ ടണ്‍ മറികടക്കുന്ന ആദ്യ ഇന്ത്യക്കാരനായി യുവ ഓപ്പണര്‍ മാറി. ഇതോടെ പത്താം ടെസ്റ്റ് ഇന്നിംഗ്സില്‍ രണ്ട് സെഞ്ചുറികളും അത്രയും അര്‍ദ്ധ സെഞ്ചുറികളും ജയ്സ്വാളിന്റെ പേരിലായി.