Featured Sports

അവസാന 4പന്തിൽ വേണ്ടത് 18 റൺസ്! തകർത്തടിച്ച് ജയിച്ച് ആർസിബി, ത്രില്ലര്‍ പോരാട്ടത്തില്‍ മുംബൈ വീണു- വീഡിയോ

നവി മുംബൈ: ഡി.വൈ. പാട്ടീല്‍ സ്‌പോര്‍ട്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന വനിതാ പ്രീമിയർ ലീഗിന്റെ ഉദ്ഘാടന മത്സരത്തിൽ വമ്പന്‍ പോരാട്ടം ജയിച്ച് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഹർമൻ പ്രീത് കൗർ നയിച്ച മുംബൈ ഇന്ത്യൻസിനെതിരെ മൂന്ന് വിക്കറ്റ് വിജയമാണ് സ്മൃതി മന്ഥനയുടെ ആർസിബി സ്വന്തമാക്കിയത്. ആദ്യം ബാറ്റു ചെയ്ത മുംബൈ ഉയർത്തിയ 155 റൺസ് വിജയലക്ഷ്യത്തിലേക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ മത്സരത്തിലെ അവസാന പന്തിലാണ് ആർസിബി എത്തിയത്.

അർധ സെഞ്ചറി നേടി പുറത്താകാതെനിന്ന ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ നദൈൻ ഡി ക്ലർക്കിന്റെ പ്രകടനമാണ് ആര്‍സിബിക്ക് ത്രില്ലർ വിജയം സമ്മാനിച്ചത്. 44 പന്തുകൾ നേരിട്ട താരം രണ്ടു സിക്സും ഏഴു ഫോറുകളുമുൾപ്പടെ 63 റൺസ് സ്വന്തമാക്കി പുറത്താകാതെനിന്നു. ഗ്രേസ് ഹാരിസ് (12 പന്തിൽ 25), അരുന്ധതി റെഡ്ഡി (25 പന്തിൽ 20), സ്മൃതി മന്ഥന (13 പന്തിൽ 18) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി. അവസാന നാലു പന്തിൽ 18 റൺസാണു വിജയത്തിലേക്കു വേണ്ടിയിരുന്നത്. രണ്ടു വീതം സിക്സും ഫോറും നേടി നദൈൻ ആർസിബിയുടെ വിജയമുറപ്പിച്ചു.

ടോസ് നേടിയ ആര്‍.സി.ബി. നായിക സ്മൃതി മന്ദാന മുംബൈ ഇന്ത്യന്‍സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ബാറ്റിങ് തകര്‍ച്ച നേരിട്ടെങ്കിലും മുംബൈ ആറ് വിക്കറ്റിന് 154 റണ്ണെടുത്തു. മലയാളി താരം സജീവന്‍ സജന (25 പന്തില്‍ ഒരു സിക്‌സറും ഏഴ് ഫോറുമടക്കം 45) വെടിക്കെട്ടിനു നേതൃത്വം നല്‍കി. നികോള ക്യാരി (29 പന്തില്‍ 40), ഓപ്പണര്‍ ഗുനാലന്‍ കമാലിനി (28 പന്തില്‍ 32), നായിക ഹര്‍മന്‍പ്രീത് കൗര്‍ (17 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 20) എന്നിവരാണു ടീമിനെ മികച്ച നിലയിലെത്തിച്ചത്. 15 പന്തുകള്‍ നേരിട്ട ഓപ്പണര്‍ അമേലി കെര്‍ നാലു റണ്ണുമായി മടങ്ങിയത് മുംബൈക്കു തിരിച്ചടിയായി. നാറ്റ് ഷിവര്‍ ബ്രണ്ടിനും (മൂന്ന് പന്തില്‍ നാല്) നിലയുറപ്പിക്കാനായില്ല.

സജനയും ക്യാരിയും ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് 32 പന്തില്‍ 50 കടന്നു. ആര്‍.സി.ബിക്കായി നാദിനെ ഡി ക്ലര്‍ക്ക് നാല് വിക്കറ്റുമായി തിളങ്ങി. ലോറേന്‍ ബെല്ലും ശ്രേയങ്ക പാട്ടീലും ഒരു വിക്കറ്റ് വീതമെടുത്തു.