Featured Oddly News

റെക്കോഡ്‌ ഇടിമിന്നല്‍, 829 കിലോമീറ്റര്‍ നീളം ! ടെക്‌സാസില്‍നിന്ന്‌ കാന്‍സാസിലേക്ക്‌ വ്യാപിച്ച വന്‍മിന്നല്‍

എട്ട്‌ വര്‍ഷം മുമ്പുണ്ടായ ഇടിമിന്നലിന്റെ പേരില്‍ റെക്കോഡ്‌. 2017 ഒക്‌ടോബറില്‍ ടെക്‌സാസില്‍നിന്ന്‌ കാന്‍സാസിലേക്ക്‌ വ്യാപിച്ച 829 കിലോമീറ്റര്‍ നീളമുള്ള ഒരു വന്‍മിന്നലാണ്‌ ലോകത്തിലെ ഏറ്റവും നീളമേറിയ ഇടിമിന്നലായി സ്‌ഥിരീകരിച്ചത്‌. മുന്‍ റെക്കോഡിനേക്കാള്‍ 61 കിലോമീറ്റര്‍ ദൈര്‍ഘ്യം കൂടുതല്‍! ലോക കാലാവസ്‌ഥാ സംഘടന (ഡബ്ല്യൂ.എം.ഒ.) ഇന്നലെയാണു കണ്ടെത്തല്‍ പ്രഖ്യാപിച്ചത്‌.

ഭൂമിയുടെ ഉപരിതലത്തില്‍നിന്ന്‌ 35,785 കിലോമീറ്റര്‍ അകലത്തില്‍ ഭ്രമണം ചെയ്യുന്ന ഇ.ഒ.ഇ.എസ്‌. ഈസ്‌റ്റ് കാലാവസ്‌ഥാ ഉപഗ്രഹത്തില്‍നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ്‌ ഗവേഷകര്‍ ‘മിന്നല്‍ മതിലിനെ’ തിരിച്ചറിഞ്ഞത്‌.

‘തിരിച്ചറിഞ്ഞതില്‍ വലിയ മിന്നല്‍ എന്ന വിശേഷണമാണ്‌ ഉചിതം. ഇതിലും തീവ്രതയുള്ളവ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.’- അരിസോണ സര്‍വകലാശാലയിലെയും ലോക കാലാവസ്‌ഥാ സംഘടനയിലെയും ഭൗമശാസ്‌ത്രജ്‌ഞനായ റാന്‍ഡി സെര്‍വെനി പറഞ്ഞു.

ടെക്‌സാസ്‌, ലൂയിസിയാന, മിസിസിപ്പി എന്നിവയിലൂടെ കടന്നുപോയ മിന്നലിന്റെ പേരിലായിരുന്നു റെക്കോഡ്‌. 2020 ഏപ്രില്‍ 29 നാണ്‌ ആ മിന്നല്‍ സംഭവിച്ചത്‌. അതിനു മുമ്പുണ്ടായ മിന്നലിനെയാണ്‌ ഇപ്പോള്‍ തിരിച്ചറിഞ്ഞത്‌.