Sports

ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആസൂത്രിതം; മെസ്സിക്ക് വേണ്ടി മുന്‍കൂട്ടി ഉണ്ടാക്കിയ തിരക്കഥയെന്ന് ഇതിഹാസ പരിശീലകന്‍ ലൂയിസ് വാന്‍ഗാല്‍

കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും നേടിയ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി മുന്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാല്‍. പെനാല്‍റ്റിയില്‍ 4-2ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന രണ്ടാം ലോകകപ്പ് നേടിയത്.

ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായിരുന്ന വാന്‍ ഗാല്‍, ഡച്ച് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് പറഞ്ഞത്. മെസിക്കും അര്‍ജന്റീനയ്ക്കും വേണ്ടി ലോകകപ്പില്‍ മുന്‍കൂട്ടി ആസൂത്രണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”അര്‍ജന്റീന അവരുടെ ഗോളുകള്‍ എങ്ങനെ സ്‌കോര്‍ ചെയ്തു. എങ്ങനെയാണ് ഞങ്ങള്‍ ഗോളുകള്‍ നേടിയത്. ചില അര്‍ജന്റീന കളിക്കാര്‍ മാര്‍ക്ക് മറികടന്നിട്ടും എങ്ങനെയാണ് ശിക്ഷിക്കപ്പെടാതിരുന്നത് എന്നിവയൊക്കെ കാണുമ്പോള്‍, ഇതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ച കളിയാണെന്ന് ഞാന്‍ കരുതുന്നു.” വാന്‍ഗാല്‍ പറഞ്ഞു.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയോട് ഷൂട്ടൗട്ടില്‍ തോറ്റാണ് നെതര്‍ലന്റ്‌സ് പുറത്തായത്. നിശ്ചിത സമയവും അധിക സമയവും 2-2 ന് അവസാനിച്ചതിന് ശേഷം പെനാല്‍റ്റിയില്‍ തോല്‍ക്കുകയായിരുന്നു. ടൂര്‍ണമെന്റിന് ശേഷം വാന്‍ ഗാല്‍ സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.

എന്നാല്‍ ഇത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഞാന്‍ ആ അഭിപ്രായം പങ്കിടുന്നില്ല എന്നായിരുന്നു ഡച്ച് നായകന്‍ വാന്‍ജിക്കിന്റെ പ്രതികരണം. ഫിഫ ലോകകപ്പ് ഫൈനല്‍ നിശ്ചിത സമയത്തും അധിക സമയത്തും 3-3ന് അവസാനിച്ചിരുന്നു. തുടര്‍ന്ന് പെനാല്‍റ്റിയില്‍ അര്‍ജന്റീന 4-3ന് വിജയിച്ചു.