ലോകകപ്പില്‍ നോക്കൗട്ട് ഘട്ടത്തില്‍ എവിടെയെങ്കിലും ഒരു ഇന്ത്യാ – പാകിസ്താന്‍ ഏറ്റുമുട്ടല്‍ കൊതിക്കാത്ത ഒരു ക്രിക്കറ്റ് ആരാധകന്‍ പോലും കാണില്ല. മഴനിയമത്തിന്റെ പിന്‍ബലത്തില്‍ പാകിസ്താന്‍ കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്റിനെ കീഴടക്കിയതോടെ സെമിയിലോ ഫൈനലിലോ ഇങ്ങിനെയൊരു ഹൈവോള്‍ട്ടേജ് മത്സരം കാണാനാകുമെന്ന പ്രതീക്ഷ സജീവമായി. ഇന്ത്യയും ദക്ഷിണാഫ്രിക്കയും സെമി ഫൈനല്‍ ഉറപ്പിച്ച സാഹചര്യത്തില്‍ പാകിസ്താനോ ന്യൂസിലന്റോ എന്നാണ് ഇനി അറിയാനുള്ളത്.
ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പ്രവേശന സാധ്യത സജീവമായി നിര്‍ത്താന്‍ ഇത് ജയിക്കേണ്ട ഒരു പോരാട്ടമായിരുന്നു. ജയത്തോടെ പാകിസ്ഥാന്‍ ഇപ്പോള്‍ ന്യൂസിലന്‍ഡിനും അഫ്ഗാനിസ്ഥാനുമൊപ്പം പോയിന്റ് നിലയില്‍ തുല്യതയിലാണെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലന്റ് അല്‍പ്പം മുന്നിലാണ്. ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് +0.398 ആണെങ്കില്‍ ശനിയാഴ്ചത്തെ വിജയത്തിന് ശേഷം പാകിസ്താന്റേത് +0.336 ആണ്. അഫ്ഗാനിസ്ഥാന്‍ നെറ്റ് റണ്‍റേറ്റ് കണക്കുകൂട്ടലില്‍ പിന്നിലാണ് (0.330).
അടുത്ത ഒരു മത്സരത്തില്‍ ജയിച്ചാല്‍ പോലും ഓസ്‌ട്രേലിയ സെമിയിലെത്തുന്ന മൂന്നാമന്മാരാകുമ്പോള്‍ നാലാമന്മാരാകാന്‍ പാകിസ്താനും ന്യൂസിലന്റും അഫ്ഗാനിസ്ഥാനും തമ്മിലാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ബാബര്‍ അസമിനും കൂട്ടര്‍ക്കും ഇനി നേരിടേണ്ടത് ഇംഗ്‌ളണ്ടിനെയാണ്. അവസാന മത്സരത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുമ്പോള്‍, അവര്‍ക്ക് വിജയം ഉറപ്പാക്കുക മാത്രമല്ല, മറ്റ് ഫലങ്ങളെ ആശ്രയിക്കുകയും വേണം.
നവംബര്‍ 11 ന് പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ മികച്ച വിജയം നേടേണ്ടതുണ്ട്. ഇതിനൊപ്പം ന്യൂസിലന്റ് ശ്രീലങ്കയോട് തോല്‍ക്കുകയും വേണം. ഇനി കളി ശ്രീലങ്ക ജയിച്ചാലും പാകിസ്താന്‍ സെമിയില്‍ കടക്കില്ല. പാകിസ്ഥാന്‍ അവരുടെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തുകയും ന്യൂസിലന്റ് തോല്‍ക്കുകയും ചെയ്താലും അഫ്ഗാനിസ്ഥാന് രണ്ടു മത്സരമുള്ളത് പ്രശ്‌നമാണ്. രണ്ടില്‍ ഒരു കളിയെങ്കിലും അവര്‍ തോറ്റാല്‍ പാകിസ്താന് ഗുണകരമാകും. ഓസ്‌ട്രേലിയയോ ദക്ഷിണാഫ്രിക്കയോ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതേസമയം അഫ്ഗാനിസ്ഥാന്‍ രണ്ട് മത്സരങ്ങളും ജയിച്ചാല്‍, പാക്കിസ്ഥാന്റെ വിധി നെറ്റ് റണ്‍ റേറ്റിനെ ആശ്രയിച്ചിരിക്കും.
ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് ഇതിനകം തന്നെ കൂടുതലായതിനാല്‍ പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇതൊരു തന്ത്രപ്രധാനമായ സാഹചര്യമാണ്. അത്തരമൊരു സാഹചര്യത്തില്‍, കിവീസിന്റെ വിജയ മാര്‍ജിന്‍ കഴിയുന്നത്ര ചെറുതായിരിക്കുമെന്ന് പാകിസ്ഥാന്‍ പ്രതീക്ഷിക്കുന്നു. ന്യൂസിലന്‍ഡ് ഒരു റണ്ണിന് മാത്രം ജയിച്ചാല്‍, സെമി ഫൈനല്‍ സ്ഥാനം ഉറപ്പിക്കാന്‍ പാകിസ്ഥാന്‍ ഇംഗ്ലണ്ടിനെ 130 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ റണ്‍സിന് തോല്‍പ്പിക്കണം. വീണ്ടും, ഈ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാന്‍ ഒരു ഭീഷണിയായി തുടരും, ഹഷ്മത്തുള്ള ഷാഹിദിയുടെ ആളുകള്‍ക്ക് ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും പരാജയം ഏല്‍പ്പിക്കണമെന്ന് പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു.




