കഠിനാധ്വാനിയാണെന്ന് പറയുന്നത് പലര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. കരിയറും നേട്ടങ്ങളും മനുഷ്യര്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഈ കാലത്ത് കഠിനാധ്വാനം ചെയ്യാത്തവര്‍ കുറവായിരിക്കും. എന്നാല്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് നോക്കാതെ കഠിനാധ്വനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. നിരന്തരമായി തിരക്കേറിയ ജീവിത ശൈലി പിന്തുടരുന്നവരുടെ ഹൃദയം പണി തന്നേക്കാം.
അമിതമായ ജോലി വിട്ടുമാറാത്ത സമ്മര്‍ദത്തിലേയ്ക്ക് നയിച്ചേക്കാം. ഇത് രക്തസമ്മര്ദത്തിന്റെയും കൊളസ്ട്രേളിന്റെയും അളവ് വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. അതിനാല്‍ സ്ഥിരമായി പേഴ്സണല്‍-പ്രെഫഷണല്‍ ലൈഫില്‍ ഒരു ബാലന്‍സ് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ ജോലി സമയം കഴിഞ്ഞും ഇരുന്ന് കഠിനാധ്വാനം ചെയ്യുന്നവരാണെങ്കില്‍ അതും അപകടമാണ്. ദൈര്‍ഘ്യമേറിയ ജോലി സമയം ശരീരിക വ്യായാമത്തിന് സമയം ലഭിക്കാതിരിക്കാന്‍ ഇടയാക്കുന്നു. ഇത് അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയിലേയ്ക്ക് നയിക്കുന്നു.
നിങ്ങള്‍ പലപ്പോഴും വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്താതെ ജോലി ചെയ്യുമ്പോള്‍ അനാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരാന് നിര്ബന്ധിക്കപ്പട്ടേക്കാം. ഈ ഭക്ഷണരീതി ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേയ്ക്ക് നയിച്ചേക്കാം.
അമിതമായി ജോലി ചെയ്യുന്നത് ഉറക്കാം കുറയ്ക്കാന്‍ ഇടയാക്കും. മനസിനും ശരീരത്തിനും മതിയായ വിശ്രമം നല്കാന് കഴിയാതെ വരുന്നു. ഇത് ഹൃദയാരോഗ്യം തകരാറിലാക്കിയേക്കാം.
അമിതമായി ജോലി ചെയ്യുന്നവരാണ് നിങ്ങള്‍ എങ്കില്‍ കൃത്യമായ ഇടവേളകളില്‍ ആരോഗ്യ പരിശോധനകള്‍ നടത്താന്‍ കഴിയണമെന്നില്ല. പലപ്പോഴം നിങ്ങള്‍ ശരീരം നല്കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കുകയും ചെയ്യാം. ഇത് ജീവിതശൈലി രോഗങ്ങള്‍ പിടിപെടാനും ഹൃദയാരോഗ്യം തകരാറിലാക്കാനും ഇടയാക്കിയേക്കാം.