ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രോ കബഡി ലീഗ് സീസണ്‍ (പികെഎല്‍) 11 ന്റെ ലേലത്തിലേക്ക് അടുക്കുമ്പോള്‍ കായിക താരങ്ങളേക്കാള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരാളുണ്ട്. ലേല വേദിയില്‍ മിന്നിത്തിളങ്ങുന്ന ലേലക്കാരി മല്ലികാ സാഗറാണ്. ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ആദ്യ വനിതാലേലക്കാരിയായി പ്രഖ്യാപിച്ചിട്ടുള്ള ഇവര്‍ പ്രൊ കബഡി ലീഗിന്റെ ലേലവേദിയിലേക്കു തിരിച്ചുവരികയാണ്. പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള ലേലം ടേബിളില്‍ അവതാരകയായ മല്ലിക ഈ രംഗത്ത് പരിചയ സമ്പന്നയാണ്.
2021 ല്‍ പികെഎല്‍ ലേലം നടത്തിയ മല്ലിക മുമ്പ് വിമന്‍സ് പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ലേലത്തില്‍ അധ്യക്ഷത വഹിച്ചതിനാല്‍ കായികലേല ടേബിളില്‍ അറിയപ്പെടുന്ന മുഖമാണ്. മുംബൈ ആസ്ഥാനമായുള്ള ആര്‍ട്ട് കളക്ടറും ആധുനികവും സമകാലികവുമായ ഇന്ത്യന്‍ കലകളുടെ കണ്‍സള്‍ട്ടന്റുമായ മല്ലികയ്ക്ക് ലേലം പാഷനാണ്. ഉദ്ഘാടന ഡബ്ല്യുപിഎല്‍ ലേലത്തില്‍ ഇടപെട്ടിട്ടുള്ള മല്ലിക ആര്‍ട്ട് ഇന്ത്യ കണ്‍സള്‍ട്ടന്റ് സ്ഥാപനത്തിന്റെയും പങ്കാളിയാണ്. മുംബൈയിലെ ആര്‍ട്ട് ഗാലറി പുണ്ടോള്‍സില്‍ പ്രവര്‍ത്തിച്ച പരിചയമാണ് മല്ലികയെ ശ്രദ്ധിക്കപ്പെടുത്തിയത്.
2000-ല്‍ ന്യൂയോര്‍ക്കിലെ ക്രിസ്റ്റീസില്‍ മോഡേണ്‍ ഇന്ത്യന്‍ ആര്‍ട്ടിന്റെ ആദ്യ വില്‍പ്പനയില്‍ ലേലക്കാരി മല്ലികയായിരുന്നു. 1977ല്‍ മുംബൈയിലെ ഒരു ബിസിനസ് കുടുംബത്തില്‍ ജനിച്ച മല്ലിക സാഗറിന് ഇപ്പോള്‍ 46 വയസ്സുണ്ട്. ഫിലാഡല്‍ഫിയയിലെ ബ്രൈന്‍ മാവറില്‍ കലാചരിത്രം പഠിച്ചിറങ്ങിയ മല്ലിക 2001-ല്‍ ക്രിസ്റ്റീസില്‍ നിന്നുമാണ് ലേലത്തില്‍ തന്റെ കരിയര്‍ ആരംഭിച്ചത്. ലേലശാലയുടെ ആദ്യ ഇന്ത്യന്‍ വനിതാ ലേലക്കാരിയായി മാറുകയും ചെയ്തു. ആര്‍ട്ട് ലേലത്തില്‍ 23 വര്‍ഷത്തെ വിജയകരമായ കരിയറിന് ശേഷമാണ് മല്ലിക ഐപിഎല്ലിന്റെയും പികെഎല്ലിന്റെയും ഡബ്ള്യൂഐപിഎല്ലിന്റെയുമൊക്കെ ലേലടേബിളിലേക്ക് വന്നത്. ഡിസംബര്‍ 19ന് ദുബായിലെ ഐപിഎല്‍ 2024 ലേലത്തിലും കാണാനാകും.
ബ്ലൂ സ്റ്റാര്‍ ലിമിറ്റഡിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ വീര്‍ അദ്വാനിയെ വിവാഹം കഴിച്ചെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. തുടര്‍ച്ചയായി ഡബ്ല്യുപിഎല്‍ ലേലത്തിന് നേതൃത്വം നല്‍കിയ മല്ലിക, മുംബൈ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ലേല സ്ഥാപനത്തില്‍ ജീവനക്കാരിയുമാണ്. കൗമാരപ്രായത്തില്‍ സ്വന്തം പട്ടണമായ മുംബൈയില്‍ ലേലക്കാരനെക്കുറിച്ചുള്ള ഒരു പുസ്തകം വായിച്ചപ്പോഴാണ് ലേലത്തിന്റെ ലോകത്തേക്ക് താല്‍പ്പര്യമുണ്ടായതെന്നാണ് മുമ്പൊരു അഭിമുഖത്തില്‍ സാഗര്‍ അല്‍ ജസീറയോട് പറഞ്ഞത്.
ഇന്ത്യന്‍ കായിക ലേലത്തിലേക്ക് തന്നെ പരിചയപ്പെടുത്തിയതിന് മുന്‍ ഐപിഎല്‍ ലേലക്കാരന്‍ ഹ്യൂ എഡ്മീഡിനാണ് താന്‍ ക്രെഡിറ്റ് നല്‍കുന്നതെന്ന് അല്‍ ജസീറയോട് സംസാരിച്ച മല്ലിക സാഗര്‍ പറഞ്ഞു. എഡ്മീഡ്‌സ് 2019 മുതല്‍ 2022 വരെ ഐപിഎല്‍ ലേലം നടത്തിയിരുന്നു, എ്ന്നാല്‍ അദ്ദേഹത്തെ മാറ്റിയാണ് 2024 ഡബ്ള്യൂഐപിഎല്‍, 2023 ലെ ഐപിഎല്‍ എന്നിവയില്‍ മല്ലിക ലേലം നടത്തിയത്. ഏകദേശം ഒരു കോടി രൂപയാണ് മല്ലിക സാഗറിന്റെ ആസ്തി. കഴിഞ്ഞ വര്‍ഷം പികെഎല്‍ ലേലം നടത്തിയത് ചാരു ശര്‍മ്മയായിരുന്നു.
