തലേദിവസം രാത്രിയില്‍ യുവതി എടുത്ത മിറര്‍ സെല്‍ഫി പിറ്റേന്ന് രാവിലെ കാണുന്നത് അപരിചിതന്‍ അയച്ചുകൊടുത്ത നഗ്നഫോട്ടോയായി. ഏതോ ഒരാള്‍ തന്റെ മിറര്‍ സെല്‍ഫിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിച്ച ഡീപ്‌ഫേക്ക് നഗ്‌ന ഫോട്ടോയാക്കി മാറ്റിയതിനെ തുടര്‍ന്ന് പരിഭ്രാന്തയായി മാറിയത് 20 കാരിയായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ഉറക്കമുണര്‍ന്നപ്പോള്‍ ഒരു അപരിചിതന്‍ ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ നഗ്‌ന ഫോട്ടോ അയച്ചതായും ചിരിക്കുന്ന ഇമോജി സഹിതം കണ്ടെത്തിയപ്പോള്‍ വിരണ്ടുപോയത് കോര്‍ട്‌നി എന്ന 20 കാരിയാണ്. താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ ഡീപ്‌ഫേക്കിന് ഇരയായതായി കണ്ടെത്തിയ പെണ്‍കുട്ടി അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയും ഇത് വീണ്ടും സംഭവിക്കുമെന്ന് ഭയന്ന് തന്റെ എല്ലാ ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളും ഇരകളായി മാറിയ ഡീപ്‌ഫേക്ക് പോണിന്റെ ഇരയായിരുന്നു കോര്‍ട്‌നി. എന്നാല്‍ ഫോട്ടോ തന്റെ പരിചയക്കാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ കുടുംബത്തിലെ ആര്‍ക്കെങ്കിലുമോ അയച്ചിട്ടുണ്ടോ എന്ന് ചിന്തിച്ച് അവള്‍ നിരന്തരം ഉത്കണ്ഠാകുലയാകുകയും ചെയ്തു. തന്റെ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഒരു സെല്‍ഫി സ്‌ക്രീന്‍ഷോട്ട് എടുത്ത് ഇയാള്‍ വസ്ത്രം അഴിച്ചുമാറ്റിയ രീതിയില്‍ ചിത്രീകരിച്ച് അശ്‌ളീല വെബ്‌സൈറ്റുകളിലൊന്നില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
അതേസമയം ഡീപ് ഫേക്കിന് ഇരയായി നഗ്നചിത്രമാക്കി ഉപയോഗിക്കലിന് ഇരയായവരില്‍ സെലിബ്രിട്ടികളും സിനിമാതാരങ്ങളും വരെയുണ്ട്. 2017 ല്‍ വണ്ടര്‍ വുമണ്‍ താരം ഗാല്‍ ഗാഡോട്ടിന്റെ അശ്ലീല വീഡിയോ ഒരു റെഡ്ഡിറ്റ് ഉപയോക്താവ് സൃഷ്ടിക്കുകയും ഓണ്‍ലൈനില്‍ അത് കാട്ടുതീ പോലെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷം, മാര്‍വലിന്റെ സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, നടി എമ്മ വാട്‌സണ്‍ തുടങ്ങിയ സെലിബ്രിറ്റികളെയും എഐ വഴി ആള്‍ക്കാര്‍ നഗ്നചിത്രമാക്കി മാറ്റിയിരുന്നു.