Health

ദിവസം അഞ്ചു പ്രാവശ്യം ‘രതിമൂര്‍ച്ഛ’; അപൂര്‍വ രോഗവുമായി യുവതി

നിരന്തരം ലൈംഗികമായി ഉത്തേജിതയാകുന്ന, ഒരു ദിവസം ഏകദേശം അഞ്ച് രതിമൂർച്ഛകൾവരെ അനുഭവിക്കുന്ന വിചിത്രവും അപൂർവവുമായ ഒരു അവസ്ഥയുമായി മെല്‍ബണ്‍കാരിയായ യുവതി. ലൈംഗികമായ താല്‍പര്യമില്ലാത്ത നേരത്തും ശരീരത്തില്‍ ലൈംഗികോത്തേജനമുണ്ടാകുന്ന രോഗമായ പെര്‍സിസ്റ്റന്‍റ് ജെനൈറ്റല്‍ എറൗസല്‍ ഡിസോര്‍ഡര്‍ എന്ന അപൂര്‍വ അസുഖമാണ് ഈ 36കാരിയെ ബാധിച്ചിരിക്കുന്നത്.

വളരെ അപൂര്‍വമായി മാത്രമാണ് സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നത്. അസുഖം ബാധിച്ചതോടെ ജീവിതംതന്നെ ദുസ്സഹമായി മാറിയെന്ന് എമിലി എന്ന യുവതി പറയുന്നു. ആനന്ദകരമാകുന്നതിനുപകരം, ഈ അസ്വസ്ഥത തുടർച്ചയായ ഞരമ്പ് വേദനയാണ് നല്‍കുക.

‘‘ഇത് സംഭവിക്കുന്നതോടെ അടിവയറില്‍ കടുത്ത വേദനയുണ്ടാകും. എന്റെ ഞരമ്പ് പിടിച്ച് പറിച്ചെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഒരു തീവ്രമായ വേദനയാണിത്. ദിവസം അഞ്ച് തവണ ഓര്‍ഗാസമെന്നൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ ചിരിച്ചേക്കാം. പക്ഷേ എനിക്ക് സഹിക്കാനാവാത്ത വേദനയാണ്. ഒരിക്കല്‍ പൊതുഗതാഗതം ഉപയോഗിക്കുമ്പോളും, മറ്റൊരിക്കല്‍ ഷോപ്പിങ് സെന്ററിലും എനിക്ക് ഈ അവസ്ഥയുണ്ടായി. എന്നാല്‍ ആളുകള്‍ അവജ്ഞയോടും മോശക്കാരിയെന്ന നിലയിലുമാണ് എന്നെ നോക്കിയത്. ഞാന്‍ പുരുഷന്മാരെ ലൈംഗികമായി വശീകരിക്കാന്‍ ശ്രമിക്കുകയാണെന്നുപോലും അവരില്‍ ചിലരെങ്കിലും കരുതി. പക്ഷേ അതൊന്നുമല്ല, എന്റെ ശരീരത്തില്‍ ഈ അപൂര്‍വ അവസ്ഥയുള്ളത് കൊണ്ട് സംഭവിക്കുന്നതാണ്’’ മാനസികമായും ശാരീരികമായും താന്‍ തകര്‍ന്ന അവസ്ഥയിലാണെന്നും യുവതി പറയുന്നു

എന്താണ് പെര്‍സിസ്റ്റന്‍റ് ജെനൈറ്റല്‍ എറൗസല്‍ ഡിസോര്‍ഡര്‍ ?

ഈ അവസ്ഥയ്ക്ക് കാരണമെന്താണെന്ന് ശാസ്ത്രജ്ഞർക്ക് പൂർണ്ണമായി ഉറപ്പില്ല, പക്ഷേ തലച്ചോറിനെയും ജനനേന്ദ്രിയത്തെയും ബന്ധിപ്പിക്കുന്ന നാഡികളുടെ തെറ്റായ പ്രവർത്തനത്തിന്റെ ഫലമായാണ് ഇത് സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. . ഈ അവസ്ഥ പൂര്‍ണമായും ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയില്ലെന്നും എന്നാല്‍ മരുന്ന് കഴിക്കുന്നതിലൂടെ രോഗത്തിന്‍റെ തീവ്രത കുറയ്ക്കാനാകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

എമിലി പതിവായി മരുന്ന് കഴിക്കുന്നുണ്ട്. എന്നാല്‍ ജീവിതകാലം മുഴുവന്‍ എമിലി ഈ മരുന്ന് തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ശസ്ത്രക്രിയ ചെയ്താല്‍ ഒരുപക്ഷേ രോഗം മാറിയേക്കാം. തകരാറിലായ നാഡിയെ നീക്കം ചെയ്താല്‍ രോഗം ഭേദമായേക്കുമെന്ന് എമിലി പറയുന്നു. പക്ഷേ നിലവില്‍ ഈ ശസ്ത്രക്രിയ അമേരിക്കയില്‍ മാത്രമാണ് നടത്തുന്നത്. അവിടെ പോയി ശസ്ത്രക്രിയ നടത്താനുള്ള സാമ്പത്തികമായ ശേഷി തനിക്കില്ലെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.

ഒന്‍പത് വര്‍ഷം മുന്‍പാണ് തനിക്ക് ഈ രോഗാവസ്ഥ ആരംഭിച്ചതെന്നും മരുന്ന് മുടങ്ങിയാല്‍ ശരീരമാകെ വിറയ്ക്കാന്‍ തുടങ്ങുമെന്നും എമിലി പറഞ്ഞു. രോഗം ബാധിക്കുന്നവര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയുമെങ്കിലും കഠിനമായ വേദനയുണ്ടായേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ എമിലിക്കൊരു പങ്കാളിയുണ്ട്. ഈ രോഗം പാരമ്പര്യമായി പകരാന്‍ സാധ്യതയുള്ളതിനാല്‍ മക്കള്‍ വേണ്ടെന്നാണ് എമിലിയുടെ തീരുമാനം.

ഇതൊരു രോഗാവസ്ഥ മാത്രമാണെന്നും ഇത്തരം രോഗങ്ങളുള്ളവരെ ആളുകള്‍ പരിഹസിക്കുന്നത് അവസാനിപ്പിക്കണമെന്നുമാണ് തനിക്ക് പറയാനുള്ളതെന്നും ഇത്തരം രോഗമുള്ളവരെ സഹായിക്കാനുതകുന്ന പഠന ഗവേഷണങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും എമിലി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *