ഹരിയാനയിലെ സോനിപത്തിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം ഓടയിലിട്ട സംഭവത്തില്‍ യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയില്‍. പ്രീതം പ്രകാശ് എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് കൊല്ലപ്പെട്ടത്. സോണിയ (32), രോഹിത് (28) എന്നിവരാണ് പൊലീസ് പിടിയിലായത്. കേസിലെ മറ്റൊരു പ്രതിയായ വിജയ് ഒളിവിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭര്‍ത്താവിന്റെ ക്രിമിനല്‍ പശ്ചാത്തലവും ഗാര്‍ഹിക പീഡനവും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടാണ് അയാളെ വകവരുത്തിയതെന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയതായാണ് വിവരം.
അലിപുരിലെ അറിയപ്പെടുന്ന ക്രിമിനലാണ് പ്രീതം പ്രകാശ് . പത്തിലധികം കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. ആയുധം കൈവശം വച്ചതിനും, ലഹരിയിടപാടിനുമടക്കം ഇയാള്‍ക്കെതിരെ കേസുകളുണ്ട്. 2024 ജൂലൈ അഞ്ചിനാണ് കൊല നടന്നത്. ഏകദേശം ഒരുവര്‍ഷത്തിനുശേഷമാണ് സംഭവം പുറത്തറിയുന്നത്.
സോണിയയും പ്രീതവും തമ്മില്‍ വഴക്ക് പതിവായിരുന്നു. അങ്ങനെ 2024 ജൂലൈയില്‍ സോണിയ പ്രീതത്തോട് വഴക്കിട്ട് ഗന്നൂരുള്ള സഹോദരിയുടെ വീട്ടിലെത്തി. സഹോദരി ഭര്‍ത്താവായ വിജയ്‌യോട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയാല്‍ 50,000 രൂപ നല്‍കാമെന്ന വാഗ്ദാനവും സോണിയ നല്‍കി. അന്ന് വൈകിട്ട് പ്രീതം സോണിയയെ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തി. പക്ഷേ സോണിയ കൂടെ പോയില്ല.
അന്ന് രാത്രി സോണിയയ്ക്കൊപ്പം ടെറസിലായിരുന്നു പ്രീതം കിടന്നത്. ഈ സമയം വിജയ് പ്രീതത്തെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം അഗ്വാന്‍പുരിലുള്ള ഓടയില്‍ കൊണ്ടിട്ടു. ഇതിന്റെ വീഡിയോ വിജയ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചുവെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തു.
ജൂലൈ 20ന് സോണിയ അലിപുര്‍ പൊലീസില്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന് പരാതി കൊടുത്തു. കേസന്വേഷണം എവിടെയും എത്താതിരുന്നപ്പോഴാണ് കഴിഞ്ഞിടയ്ക്ക് പ്രീതത്തിന്റെ മൊബൈല്‍ ഫോണ്‍ ആക്ടിവായത്. പ്രീതത്തെ കണ്ടെത്താന്‍ യാതൊരു തെളിവും ലഭ്യമാകാതിരുന്ന അന്വേഷണസംഘത്തിന് അതൊരു തുമ്പായി. ഫോണ്‍ ഉപയോഗിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് അത് സോണിയയുടെ കാമുകന്‍ രോഹിത്താണെന്ന് മനസിലായത്.
പതിനഞ്ചു വര്‍ഷം മുന്‍പ് കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് പ്രണയവിവാഹിതരായവരാണ് പ്രീതവും സോണിയയും. പിന്നീട് ഇവരെ കുടുംബങ്ങള്‍ അംഗീകരിച്ചു. അതുകൊണ്ടു തന്നെ പൊലീസ് കേസുണ്ടായില്ല. ഈ ബന്ധത്തില്‍ ദമ്പതികള്‍ക്ക് മൂന്ന് മക്കളുമുണ്ട്. 1സോണിയയുടെ കാമുകന്‍ രോഹിത് വിവാഹിതനാണ്. പ്രൈവറ്റ് ടാക്സി ഡ്രൈവറായ ഇയാള്‍ക്കെതിരെ പല ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.




