യുപിയിലെ ഗോരഖ്‌പൂരിൽ 35 വയസ്സുകാരിയായ യുവതി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ തന്റെ 15 വയസ്സുള്ള അനന്തരവനൊപ്പം ഒളിച്ചോടി. ജനുവരി 26-ന് ഉച്ചയോടെയാണ് ഇവരെ കാണാതായത്. രാത്രിയായിട്ടും തിരികെ എത്താത്തതിനെത്തുടർന്ന് കുടുംബാംഗങ്ങൾ ആദ്യം രഹസ്യമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളും ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ച് പി പി ഗഞ്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പത്ത് ദിവസത്തിന് ശേഷം ഇരുവരെയും കണ്ടെത്തി. ഒരു കൂട്ടുകുടുംബത്തിലാണ് ഇവർ താമസിച്ചിരുന്നത്. അമ്മായിയും അനന്തരവനും തമ്മിലുള്ള ബന്ധമായതിനാൽ ഇവർക്കിടയിലെ അടുപ്പത്തിൽ ആർക്കും സംശയം തോന്നിയിരുന്നില്ല.
ചോദ്യം ചെയ്യലിൽ, തനിക്ക് അമ്മായിയെ വിവാഹം കഴിക്കണമെന്നും അതിനുള്ള തയാറെടുപ്പിലായിരുന്നു തങ്ങളെന്നും ആൺകുട്ടി പറഞ്ഞു. കുട്ടിയോടൊപ്പം ജീവിക്കാൻ താൻ തയാറാണെന്ന് യുവതിയും അറിയിച്ചു. എന്നാൽ, കുടുംബാംഗങ്ങൾ ഇടപെട്ട് ഇവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും നിയമനടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് പോലീസ് സ്റ്റേഷനിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇവർക്ക് ഏകദേശം ഒരു മണിക്കൂറോളം കൗൺസിലിംഗ് നൽകി. ഒടുവിൽ ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം ഇരുവരും മനസ്സ് മാറുകയും വീട്ടിലേക്ക് മടങ്ങാൻ സമ്മതിക്കുകയും ചെയ്തു. നിയമനടപടികളുമായി മുന്നോട്ട് പോകാൻ താല്പര്യമില്ലെന്ന് വീട്ടുകാർ അറിയിച്ചതോടെ കേസ് ഒത്തുതീർപ്പായി.




