Featured Good News

മുമ്പേയോടി വനിതാ എഎസ്​ഐ; കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി; കയ്യടി

ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിന് വഴിയൊരുക്കിയ വനിത പൊലീസ്. അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ഗതാഗതതിരക്ക് അനുഭവപ്പെട്ടത്. ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി.

അപർണ്ണ ലവകുമാർ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കി മാതൃകയായത്. തൃശൂർ അശ്വനി ജംഗ്ഷനിൽ വെച്ച് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോഴാണ് അപർണ്ണയുടെ സമയോചിതമായ ഇടപെടൽ ഉണ്ടായത്. തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറാണ് അപർണ്ണ.

ഡ്യൂട്ടിയിലായിരുന്ന അപർണ്ണ ട്രാഫിക്കിൽ കുടുങ്ങിയ ആംബുലൻസ് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സ്ഥലത്തേക്കോടിയെത്തി. ട്രാഫിക്ക് നിയന്ത്രിച്ച് ഏറെ പ്രയാസപ്പെട്ട് ആംബുലൻസിന് കടന്നുപോകാൻ വഴിയൊരുക്കുകയായിരുന്നു. ഈ ദൃശ്യം മെഡിഹബ് ഹെൽത്ത് കെയറിന്റെ ആംബുലൻസ് ഡ്രൈവർ ഫൈസലിനൊപ്പമുണ്ടായിരുന്ന ഇർഫാൻ വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തൃശൂർ സിറ്റി പോലീസും ഈ വീഡിയോ പങ്കുവെച്ചിരുന്നു.

https://www.facebook.com/share/v/1MJf2DEWFM/

അപർണ്ണ ലവകുമാറിന്റെ ഈ പ്രവൃത്തിയെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ ഐപിഎസ് പ്രശംസിച്ചു. കഴിഞ്ഞ വർഷത്തെ അത്ലറ്റിക് മീറ്റിൽ 100 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനക്കാരി കൂടിയായ അപർണ്ണയുടെ ഈ ധീരമായ പ്രവൃത്തിക്ക് ഗുഡ് സർവ്വീസ് എൻട്രി പ്രഖ്യാപിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ അപർണ്ണയ്ക്ക് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.