ഗുവാഹാത്തി: വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് ബാറ്റിങ്ങിൽ കത്തിക്കയറിയതോടെ പിറന്നത് ഒരുപിടി റെക്കോർഡുകൾ. ഇംഗ്ലണ്ടിനെ 125 റണ്ണിനു തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ കന്നി ലോകകപ്പ് ഫൈനലാണിത്.
ഓപ്പണറായി ഇറങ്ങിയ ലോറ, 48-ാം ഓവറിലാണ് പുറത്തായത്. നാല് സിക്സും 20 ഫോറുമടങ്ങുന്നതായിരുന്നു ലോറയുടെ ഇന്നിങ്സ്. 1997ലെ ലോകകപ്പിൽ ഡെൻമാർക്കിനെതിരെ ബെലിൻഡ ക്ലാർക്ക് നേടിയ 229* റൺസിന് ശേഷം ഒരു ലോകകപ്പ് മത്സരത്തിൽ ഒരു ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വ്യക്തിഗത സ്കോറാണിത്. വനിതാ ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന മൂന്നാമത്ത വ്യക്തിഗത സ്കോറും ഇതാണ്.
2017 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യയുടെ ഹർമൻപ്രീത് കൗർ ഓസ്ട്രേലിയയ്ക്കെതിരെ നേടിയ 171* റൺസാണ് ഏറ്റവും ഉയർന്നത്. വനിതാ ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്നതിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മിതാലി രാജിന്റെ റെക്കോർഡിനൊപ്പവും ലോറ വോൾവാർഡ് എത്തി.
ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 319 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 43-ാം ഓവറില്‍ 194 റണ്ണിന് ഓള്‍ഔട്ടായി. ഇതേ വേദിയില്‍ നടന്ന ലീഗ് മത്സരത്തില്‍ തങ്ങളെ 69 റണ്ണിന് ഓള്‍ഔട്ടാക്കിയ ഇംഗ്ലണ്ടിനു മേല്‍ മധുര പ്രതികാരം ചെയ്യാനും അവര്‍ക്കായി.
ടോസ് നേടിയ ഇംഗ്ലണ്ട് നായിക നാറ്റ് ഷീവര്‍ ബ്രന്റ് ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നായികയും ഓപ്പണറുമായ ലോറ വോള്‍വാദിന്റെ (143 പന്തില്‍ നാല് സിക്സറും 20 ഫോറുമടക്കം 169) സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ 300 കടത്തിയത്. ഓപ്പണര്‍ ടാസ്മിന്‍ ബ്രിറ്റ്സ് (65 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 45), മാരിസാന കാപ് (33 പന്തില്‍ ഒരു സിക്സറും നാല് ഫോറുമടക്കം 42), ചോലെ ട്രൈയോണ് (26 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 33) എന്നിവരും അവസരത്തിനൊത്തു ബാറ്റ് ചെയ്തു.
വനിതാ ലോകകപ്പ് നോക്കൗട്ടുകളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണ് ഇന്നലെ പിറന്നത്. ലോറയും ബ്രിറ്റ്സും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 116 റണ്ണെടുത്തിരുന്നു. സോഫി എക്സല്‍സ്റ്റോണ്‍ ഒരേ ഓവറില്‍ ബ്രിറ്റ്സിനെയും അനെക് ബോഷിനെയും (0) പുറത്താക്കി. സുനെ ലുസും (ഒന്ന്) പുറത്തായതോടെ ദക്ഷിണാഫ്രിക്ക മൂന്നിന് 119 റണ്ണെന്ന നിലയിലായി. മാരിസാന കാപും ലോറയും ഒത്തു ചേര്‍ന്നതോടെ ഇന്നിങ്സിനു ജീവന് വച്ചു. 52 പന്തില്‍ അര്‍ധ സെഞ്ചുറിയടിച്ച ലോറ 115 പന്തുകള്‍ നേരിട്ടാണു സെഞ്ചുറിയടിച്ചത്.
മാരിസാന കാപ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന്റെ വിക്കറ്റ് വീഴ്ച തുടങ്ങി. രണ്ടാം പന്തില്‍ ആമി ജോണ്‍സും അഞ്ചാം പന്തില്‍ ഹീതര്‍ നൈറ്റും റണ്ണെടുക്കാതെ മടങ്ങി. അയാബോങ്ക ഖാകയുടെ അടുത്ത ഓവറില്‍ ടാമി ബീമോണ്ടും (0) പുറത്തായി. നായിക നാറ്റ് ഷീവറും (76 പന്തില്‍ ഒരു സിക്സറും ആറ് ഫോറുമടക്കം 64) അലിസ കാപ്സെ (71 പന്തില്‍ 50) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു ടീമിനെ നൂറ് കടത്തിയത്. ഇരുവരും പുറത്തായതോടെ തകര്‍ച്ച വീണ്ടുമെത്തി.
ഡാനി വ്യാറ്റ് ഹോഡ്സ് (31 പന്തില്‍ 34), ലിന്‍സെ സ്മിത്ത് (36 പന്തില്‍ 27) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. അഞ്ച് വിക്കറ്റെടുത്ത കാപാണു ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. നാദിനെ ഡി ക്ലര്‍ക്ക് രണ്ട് വിക്കറ്റും അയാബോങ ഖാക, നോന്കുലെകോ എംലാബ, സുനെ ലുസ് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.




