Celebrity

”ഇച്ചാക്കയ്‌ക്കൊപ്പം” ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം

മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയുടെ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരുപോലെ പുറത്തിറങ്ങുമ്പോള്‍ ആരോഗ്യകരമായ മത്സരം നടക്കാറുണ്ട്. എന്നാല്‍ സിനിമ ലോകത്ത് മാത്രമേ താരങ്ങള്‍ തമ്മില്‍ മത്സരമുള്ളുവെന്ന് ഇരുതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദിപങ്കിടുന്നത് ആരാധകര്‍ക്ക് അത്രത്തോളം ആവേശമാണ്.

ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ”ഇച്ചാക്കയ്‌ക്കൊപ്പം” – എന്നു കുറിച്ചു കൊണ്ടാണ് ഇരുവരും സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മോഹന്‍ലാല്‍ മെഗസ്റ്റാറിനെ സ്‌നേഹപൂര്‍വ്വം വിളിയ്ക്കുന്ന പേരാണ് ഇച്ചാക്ക. തിരുവനന്തപുരത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായാണ് മെഗാതാരങ്ങള്‍ സംഗമിച്ചത്. പരിപാടിയുടെ ഭാഗമായുള്ള മുഖ്യമന്ത്രിയ്‌ക്കൊപ്പമുള്ള താരങ്ങളുടേയും മന്ത്രമാരുടേയും സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കേരളീയം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വ്വഹിച്ചത്. കമലഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയവരും ഉദ്ഘാടന വേളയില്‍ പങ്കെടുത്തു. മലയാളിയായതില്‍ അഭിമാനിക്കുന്നുവെന്നാണ് കേരളീയം വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞത്. തിരുവനന്തപുരത്തോളം അറിയുന്ന വെറൊരു നഗരമില്ല. തിരുവനന്തപുരത്തിന്റെ മുക്കും മൂലയും അറിയാം. കേരളീയത്തിന് ഈ നഗരം തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്. മലയാളി ആയതിലും കേരളത്തില്‍ ജനിച്ചതിലും അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹത്തായ ആശയത്തിന്റെ തുടക്കമാണ് കേരളീയമെന്ന് നടന്‍ മമ്മൂട്ടി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. കേരള ചരിത്രത്തിലെ മഹാ സംഭവമായി കേരളീയം മാറട്ടെയെന്നും അദ്ദേഹം പറഞ്ഞു. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറും. നമ്മള്‍ ലോകത്തിനു തന്നെ മാതൃകയാകും. എന്നാല്‍ എല്ലാവര്‍ക്കും ഉണ്ടാകുന്ന വികാരം കേരളീയരാണെന്നതാണ്. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങളുടെ ആശയങ്ങളും സ്വപ്നങ്ങളും ഒന്നാണ് എന്നാണ് കേരളീയം മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.