ട്വന്റി20 ലോകകപ്പിനായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിലെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും കാമുകി മഹിക ശർമയും വാർത്തകളിൽ നിറയുന്നു. ടൂർണമെന്റിനിടെ താരങ്ങൾ കുടുംബത്തോടൊപ്പം താമസിക്കരുതെന്ന ബിസിസിഐയുടെ കർശന നിയന്ത്രണം നിലനിൽക്കെയാണ് മഹികയുമായി ഹാർദിക് കൊളംബോയിലെത്തിയത്.
വിമാനത്താവളത്തിൽനിന്നു ഇരുവരും ഒരുമിച്ചു പുറത്തുവരുന്ന ചിത്രങ്ങളും, തുടർന്ന് ടീം ഹോട്ടലിലെ ലോബിയിൽ ഹാർദിക് ബാത്ത്റോബ് ധരിച്ച് മഹികയുടെ കൈപിടിച്ചു നടക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മഹികയെ ഹോട്ടലിൽനിന്നു യാത്രയാക്കാൻ ഇറങ്ങിയപ്പോഴുള്ള ദൃശ്യങ്ങളാണിതെന്നാണ് കരുതപ്പെടുന്നത്.
ഇതിനു പിന്നാലെ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് താരം കഴുത്തിന് പിന്നിൽ ചെയ്ത പുതിയ ടാറ്റൂവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. മഹികയുടെ പേരിന്റെ ആദ്യക്ഷരമായ ‘എം’ എന്നതിനൊപ്പം രണ്ട് പുള്ളിപ്പുലികളും ചേർന്നതാണ് ഈ ടാറ്റൂ. 2025 ഒക്ടോബറിൽ ഹാർദിക്കിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മുൻപ് മഹിക പങ്കുവെച്ച ചിത്രങ്ങളിൽ ഹാർദിക്കിന്റെ ജഴ്സി നമ്പറായ 33 പ്രത്യക്ഷപ്പെട്ടതും ഇരുവരും ഒരേ സ്ഥലങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും നേരത്തെ തന്നെ അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.
ഏഷ്യ കപ്പിനിടെ പരുക്കേറ്റ് വിശ്രമത്തിലായിരുന്ന ഹാർദിക്, ന്യൂസീലൻഡിനെതിരായ പരമ്പരയിലൂടെയാണ് ടീമിലേക്ക് ശക്തമായി തിരിച്ചെത്തിയത്. നിലവിൽ മികച്ച ഫോമിലുള്ള താരം നമീബിയക്കെതിരായ മത്സരത്തിൽ അർധസെഞ്ചറിയും രണ്ട് വിക്കറ്റും നേടി പ്ലെയർ ഓഫ് ദ് മാച്ചായിരുന്നു. ഞായറാഴ്ച പാക്കിസ്ഥാനെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിന് മുന്നോടിയായി വെള്ളിയാഴ്ച രാത്രിയാണ് ഇന്ത്യൻ സംഘം കൊളംബോയിൽ എത്തിയത്.




