അഡ്ലെയ്ഡ്: വനിതാ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗില്‍ അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സും സിഡ്നി തണ്ടറും തമ്മില്‍ നടന്ന മത്സരം ഉപേക്ഷിച്ചതില്‍ വിവാദം. അഡ്ലെയ്ഡ് ഓവലില്‍ നടന്ന മത്സരം മഴയെത്തുടര്‍ന്ന് അഞ്ച് ഓവറാക്കി ചുരുക്കിയിരുന്നു.
ടോസ് നേടിയ സിഡ്നി തണ്ടര്‍ അഡ്ലെയ്ഡിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന് രണ്ടു വിക്കറ്റിന് 45 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍ വിജയ ലക്ഷ്യവുമായി മറുപടി ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ 2.5 ഓവറില്‍ വിക്കറ്റിന് 43 റണ്‍ എന്നു നില്‍ക്കേയാണ് അമ്പയര്‍മാര്‍ മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചത്. 15 പന്തില്‍ 38 റണ്ണുമായി തകര്‍പ്പന്‍ ബാറ്റിങ് നടത്തിയ നായിക ഫോബി ലിച്ച്ഫീല്‍ഡിന്റെ ഇന്നിങ്സാണ് അവരെ ലക്ഷ്യത്തിലേക്ക് അടുപ്പിച്ചത്.
വിജയലക്ഷ്യം13 പന്തില്‍ മൂന്ന് റണ്ണായിരുന്നു. അപ്രതീക്ഷിത ട്വിസ്റ്റ് അപ്പോഴായിരുന്നു. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ഫീല്‍ഡ് അമ്പയര്‍മാരായ എലോയിസ് ഷെറിഡനും സ്റ്റീഫന്‍ ഡയോണിഷ്യസും പ്രഖ്യാപിച്ചു. ചാറ്റല്‍ മഴ ഉണ്ടായിട്ടും മത്സരം തുടരുന്നുണ്ടായിരുന്നു. സിഡ്നി തണ്ടര്‍ ജയത്തിന്റെ വക്കിലെത്തിയപ്പോള്‍ പെട്ടെന്ന് അമ്പയര്‍മാര്‍ പരസ്പരം ആലോചിച്ച് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. താരങ്ങളും കമന്റേറ്റര്മാറും അന്തംവിട്ടു. സിഡ്നി തണ്ടര്‍ താരങ്ങളും കോച്ചും വിയോജിപ്പ് അറിയിച്ചെങ്കിലും അമ്പയര്‍മാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.
അമ്പയര്‍മാര്‍ക്കെതിരേ സാമൂഹിക മാധ്യമങ്ങളിലും വ്യാപക വിമര്‍ശനം ഉയര്‍ന്നു. ലീഗില്‍ ഏഴു മത്സരങ്ങളില്‍നിന്ന് അഞ്ച് പോയിന്റാണ് സിഡ്നി തണ്ടറിന്. മൂന്നു മത്സരങ്ങളാണ് അവര്‍ക്ക് ബാക്കിയുള്ളത്. അഡ്ലെയ്ഡ് സ്ട്രൈക്കേഴ്സിന് ഏഴു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റാണ്.




